തലവടി പുതുപ്പുരയ്‌ക്കല്‍ മത്തായി ചാക്കോയുടെ കോഴിക്കൂട്ടില്‍ അകപ്പെട്ട പെരുമ്പാമ്പ്
എടത്വാ: ഇരതേടിയെത്തിയ പെരുമ്പാമ്പ് കോഴിയെ അകത്താക്കിയെങ്കിലും കോഴിക്കൂട്ടില്‍ അകപ്പെട്ടു. തലവടി പുതുപ്പുരയ്‌ക്കല്‍ മത്തായി ചാക്കോയുടെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ് അകപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് പന്ത്രണ്ടോളം കോഴികളെ കൂട്ടിലിട്ട് അടച്ച വീട്ടുകാര്‍ ഇന്നലെ രാവിലെ കൂട് തുറന്നുവിടാന്‍ എത്തിയപ്പോഴാണ് പെരുമ്പാമ്പ് കോഴിക്കൂട്ടില്‍ അകപെട്ടകാര്യം അറിയുന്നത്. രാത്രിയില്‍ കോഴിക്കൂട്ടില്‍ കയറിക്കൂടിയ പെരുമ്പപാമ്പ് പതിനൊന്ന് കോഴികളെ അകത്താക്കിയിരുന്നു.
വിശപ്പടക്കിയശേഷം മയങ്ങിയ പാമ്പിന് കാവലായി കോഴിക്കൂടിന്റെ മേല്‍ക്കൂരയില്‍ ബാക്കിവെച്ച ഒരുകോഴി മാത്രം ഒതുങ്ങിയിരുന്നു. പെരുമ്പാമ്പ് കൂട്ടില്‍ അകപ്പെട്ടതോടെ പാമ്പിനെ കാണാന്‍ പലസ്ഥലങ്ങലില്‍ നിന്നും ആളുകളെത്തി. പുറത്തിറങ്ങാന്‍ പാമ്പ് പെടാപ്പാടുപെട്ടെങ്കിലും കഴിയാതെ വന്നതോടെ ശ്രമം ഉപേക്ഷിച്ച് കൂട്ടില്‍ ഒതുങ്ങിക്കൂടി. വീട്ടുകാര്‍ എടത്വാ പോലീസിലും, വനംവകുപ്പിലും അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി.
















