കണ്ണൂര്‍: കണ്ടല്‍പാര്‍ക്ക് സ്ഥാപിക്കുന്നതിനെതിരെ ജില്ലാ പരിസ്ഥിതി സമിതിയുടെ ആഭിമുഖ്യത്തില്‍ 20 ന് പാര്‍ക്കും പഠനകേന്ദ്രങ്ങളും കണ്ടലിന് പുറത്ത് എന്ന മുദ്രാവാക്യമുയര്‍ത്തി കലക്ടറേറ്റിലേക്ക് പ്രതിഷേധ മഴ നടത്തവും പ്രതിഷേധയോഗവും നടത്തും. രാവിലെ 10 മണിക്ക് സ്റ്റേഡിയം കോര്‍ണറില്‍ നിന്നാണ് മഴനടത്തം തുടങ്ങുക. പരിസ്ഥിതി ദുര്‍ബല മേഖലകളായ കണ്ടല്‍ക്കാടുകളെ നശിപ്പിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണ്. നിയമങ്ങള്‍ മറികടന്നുകൊണ്ട് മുന്‍ സര്‍ക്കാറിന്റെ കാലത്ത് ജെയിംസ് മാത്യു എംഎല്‍എയുടെ വക വെള്ളിക്കീലില്‍ 130 ലേറെ ലൈറ്റുകളും ഫ്‌ളോട്ടിങ്ങ് റസ്റ്റോറന്റും സഹിതം കണ്ടല്‍ക്കാടിനടുത്ത് നിര്‍മ്മിച്ച വിനോദ പാര്‍ക്ക് കണ്ടല്‍ച്ചെടികള്‍ക്ക് ഭീഷണിയായി മാറിയിരുന്നു. ടി.വി.രാജേഷ് എംഎല്‍എയുടെ വക ഇത്തരത്തില്‍ ഒരു പാര്‍ക്ക് വയലപ്രയില്‍ തുടങ്ങാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതുരണ്ടും തീരദേശ നിയമങ്ങളുടെ പച്ചയായ ലംഘനമാണെന്ന് പരിസ്ഥിതി സമിതി അഭിപ്രായപ്പെട്ടു. ഇതോടൊപ്പം നിയമലംഘനം ശ്രദ്ധയില്‍പ്പെട്ട് കോടതി അടച്ചുപൂട്ടിയ പാപ്പിനിശ്ശേരിയിലെ കണ്ടല്‍പ്പാര്‍ക്കും വീണ്ടും തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് 20 ന് പ്രതിഷേധ പരിപാടികള്‍ നടത്തുന്നത്.
















