കുട്ടനാട്: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് മരിച്ച താല്‍ക്കാലിക ജീവനക്കാരന്റെ കുടുംബത്തിന് കെഎസ്ഇബിയുടെ അവഗണന. പുളിങ്കുന്ന് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ മങ്കൊമ്പ് നാരായണീയം പുത്തന്‍പുരയ്‌ക്കലില്‍ മനോജി(41)ന്റെ കുടുംബത്തിന് നഷ്ടപരിഹാരമുള്‍പ്പെടെഉള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന സമീപനമാണ് ബോര്‍ഡ് സ്വീകരിക്കുന്നത്. മങ്കൊമ്പ് സെക്ഷനോഫീസില്‍ നടക്കുന്നത് വ്യാപകക്രമക്കേടുകളെന്നും പരാതി ഉയരുന്നു. ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം വൈദ്യുതി തകരാര്‍ പരിഹരിക്കുന്നതിനിടെ കഴിഞ്ഞ 13 നാണ് മനോജ് വൈദ്യതാഘാതമേറ്റ് മരിച്ചത്. എന്നാല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശമില്ലാതെ ചെയ്ത അണ്‍ ഓതറൈസ്ഡ് വര്‍ക്ക് എന്നാണ് ഇതുസംബന്ധിച്ച് മങ്കൊമ്പ് സെഷന്‍ ഓഫീസില്‍നിന്നും മേലുദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്.
കരാര്‍ ജീവനക്കാര്‍ ജോലിക്കിടെ മരിച്ചാല്‍ കെഎസ്ഇബി നിര്‍ദ്ദേശമില്ലാതെ ചെയ്ത ജോലി എന്നപേരില്‍ ജീവനക്കാര്‍ക്ക് ആനുകൂല്യം നിഷേധിക്കുന്നെന്ന ആരോപണം ശരി വെക്കുന്നതാണ് ബോര്‍ഡിന്റെ ഈ സമീപനം. 20 വര്‍ഷത്തിലേറെയായി ബോര്‍ഡില്‍ താല്‍ക്കാലിക ജിവനക്കാരനായി ജോലിചെയ്യുന്ന മനോജ് വാടകവീട്ടിലായിരുന്നു താമസം. സ്വന്തമായി ഭൂമിയില്ലത്തതിനാല്‍ സഹോദരിയുടെ ഭുമിയിലാണ് സംസ്‌ക്കാര ചടങ്ങുകള്‍ നടത്തിയത്. വിധിയുടെ ക്രൂരതയ്‌ക്ക് പിന്നാലെ കെഎസ്ഇബി അധികൃതരും അവഗണിച്ചതോടെ മനോജിന്റെ ഭാര്യയുടെയും മകന്റേയും ജീവിതം വഴിമുട്ടി. മനോജിന്റെ കുടുംബത്തോട് കാണിച്ച അവഗണനയില്‍ പ്രതിഷേധിച്ച് സെക്ഷന്‍ ഓഫീസ് പരിധിയില്‍ താല്‍ക്കാലിക ജീവനക്കാര്‍ അനിശ്ച്ചിതകാല പണിമുടക്കിലാണ്.
















