ആലപ്പുഴ: കോണ്‍ഗ്രസ് നേതാവ് സ്വന്തം നിലയില്‍ രസീത് അച്ചടിച്ച് തെരഞ്ഞെടുപ്പിന് പണം പിരിച്ചതായി ആക്ഷേപം. ഒരു ഡിസിസി ജനറല്‍ സെക്രട്ടറിയാണ് ഇത്തരത്തില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയത്.കെഎസ്‌യുവിലൂടെ വളര്‍ന്ന നേതാവ് വളരെപ്പെട്ടെന്നാണ് ജില്ലാ ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായി മാറിയത്.
എ ഗ്രൂപ്പിന്റെ അക്കൗണ്ടിലാണ് ഡിസിസി നേതൃത്വത്തിലെത്തിയതെങ്കിലും അടുത്തകാലത്തായി എഗ്രൂപ്പ് പ്രമുഖരുമായും ഇയാള്‍ ഭിന്നതയിലായിരുന്നു. തെരഞ്ഞെടുപ്പു പ്രചാരണ കാലയളവില്‍ ഇയാള്‍ സ്വന്തം നിലയ്‌ക്ക് രസീതുകള്‍ അച്ചടിച്ച് വ്യാപകമായി പണപ്പിരിവു നടത്തിയെന്നാണ് ആക്ഷേപമുയരുന്നത്. പാര്‍ട്ടിയുടെ ഔദ്യോഗിക രസീതുമായി വിവിധ സ്ഥാപനങ്ങളില്‍ പണം പിരിക്കാനെത്തിയ പാര്‍ട്ടി നേതാക്കള്‍ ഇതേത്തുടര്‍ന്ന് ഇളിഭ്യരായി മടങ്ങേണ്ടിവന്നു.
അനധികൃതമായി പണപ്പിരിവു നടത്തിയ യുവ നേതാവിനെതിരെ നടപടി ആവശ്യപ്പെട്ട് ഒരുവിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കി. ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
















