യുവാക്കള്‍ മഴ വകവെയ്‌ക്കാതെ പുഴയില്‍ വലവീശി മീന്‍ പിടിക്കുന്നു
എടത്വാ: കോരിച്ചൊരിയുന്ന പേമാരിയെ വകവെയ്‌ക്കാതെ വീശുവലക്കുള്ളില്‍ ഉപജീവനം തേടി യുവാക്കള്‍. ഉപജീവനം മാത്രമല്ല കുട്ടനാട്ടുകാരുടെ ഹരവും കൂടിയാണ് തിമിര്‍ത്തപെയ്യുന്ന മഴയത്ത് കലങ്ങിമറിഞ്ഞൊഴുകുന്ന പുഴയില്‍ വീശുവലയെറിഞ്ഞുള്ള മത്സ്യബന്ധനം. യുവാക്കള്‍ ഒത്തുകൂടി നിരനിരയായി നിന്നുള്ള വലവീശല്‍ കാണികള്‍ക്കും ആവേശമാണ്. ചെറുമത്സ്യങ്ങളും കൂട്ടത്തില്‍ അല്പം വലിയമത്സ്യവും വലയില്‍ കുടുങ്ങിയാല്‍ യുവാക്കള്‍ക്ക് വാശിയേറും.
ഉള്‍നാടന്‍ മത്സ്യതൊഴിലാളികള്‍ക്കൊപ്പം നിരവധി യുവാക്കളും വെള്ളപ്പൊക്ക സീസണില്‍ വലവീശാനെത്തുന്നുണ്ട്. അധികവും പൊടിമീനാണ് ഈ സീസണില്‍ കിട്ടാറുള്ളത്. വീശുകാര്‍ സ്വന്തം ആവശ്യത്തിന് മത്സ്യം എടുത്തശേഷം ബാക്കി ചന്തയിലോ പൊതുസ്ഥലത്തോ കൂട്ടിയിട്ട് വില്‍ക്കുകയാണ്. കടല്‍മത്സ്യത്തിന്റെ വിലവര്‍ദ്ധന യുവാക്കള്‍ക്ക് ഗുണമായി തീരാറുണ്ട്. ചെറിയ കിറ്റ് നിറയെ പൊടിമീന് അന്‍പത് മുതല്‍ എണ്‍പത് രൂപവരെ വില വാങ്ങിയാണ് വില്‍പ്പന നടത്തുന്നത്. മത്സ്യ ബന്ധനത്തിന് ഉപയോഗിക്കുന്ന വീശുവല മുന്‍കാലങ്ങളില്‍ മുഴം കണക്കിനായിരുന്നെങ്കില്‍ ഇപ്പോള്‍ വലയില്‍ കെട്ടുന്ന മണിയുടെ എണ്ണമനുസരിച്ചാണ് ഇനം തിരിക്കുന്നത്. അഞ്ചുമുഴം നീളത്തിലുള്ള വലകള്‍ സര്‍വ്വസാധാരണമാണ്. എന്നാല്‍ ഒന്‍പത്മുഴം നീളത്തിലുള്ള വലകളും ഉപയോഗിക്കാറുണ്ട്.
















