ആലപ്പുഴ: ഹിന്ദു സംന്യാസിമാരെ അവഹേളിക്കുന്ന സുധാകരന്റെ നടപടി സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്ന് വിശ്വഹിന്ദു പരിഷത്ത് ജില്ലാ കമ്മറ്റി കുറ്റപ്പെടുത്തി. അഹിന്ദുക്കളായവര്‍ കൂടുതലായി പങ്കെടുക്കുന്ന യോഗങ്ങളില്‍ കമ്യൂണിസത്തിന് വലിയ മാറ്റിമില്ലെന്ന് തിരിച്ചറിവു വന്ന ജി. സുധാകരന്‍ എംഎല്‍എ അവരുടെ കയ്യടി നേടാന്‍ തരംതാഴ്ന്ന പ്രസ്താവനകള്‍ നടത്തുന്നതില്‍ യോഗം പ്രതിഷേധിച്ചു.
മുന്‍കാലത്ത് കമ്യൂണിസ്‌ററുകാര്‍ സംന്യാസിമാരെ ഊശാന്താടിക്കാരെന്ന് അപമാനിച്ചിരുന്നു. ഇന്ന് സംന്യാസിമാരുടെ പൃഷ്ഠം നോക്കി പ്രസ്താവന ഇറക്കുന്ന സുധാകരനെപ്പോലുള്ളവര്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണ്. അധമസംസ്‌കാരത്തിന്റെ അധിപന്മാര്‍ അധികാരമേറ്റതോടെ സര്‍വ്വസംഗ പരിത്യാഗികളായ സംന്യാസിമാരുടെ ഉടുമുണ്ടുപോലും പൊക്കിനോക്കുകയാണ്.
ദേവസ്വം മന്ത്രിയായിരുന്നപ്പോഴും സുധാകരന്‍ പൂജാരിമാരെയും ഇത്തരത്തില്‍ അപമാനിച്ചിരുന്നു. ഇതു തുടരാനാണ് നീക്കമെങ്കില്‍ പ്രതികരണമുണ്ടാകുമെന്നും വിഎച്ച്പി മുന്നറിയിപ്പു നല്കി. ജില്ലാ പ്രസിഡന്റ് ആര്‍. രുദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിആര്‍എം ബാബു, ജോയിന്റ് സെക്രട്ടറി എം. ജയകൃഷ്ണന്‍, സുരേഷ് ശാന്തി തുടങ്ങിയവര്‍ സംസാരിച്ചു. സുധാകരന്‍ സംന്യാസിമാരെ അവഹേളിച്ചതില്‍ വിഎച്ച്പി ആര്യാട് പ്രഖണ്ഡ് കമ്മറ്റിയും ശക്തമായി പ്രതിഷേധിച്ചു.
















