ആലപ്പുഴ: ട്രോളിങ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. ജൂലൈ 31നു നിരോധനം അവസാനിക്കും. അഴക്കടലില്‍ മത്സ്യം നടത്തിയിരുന്ന ബോട്ടുകളും മറ്റും കരയ്‌ക്കെത്തി തുടങ്ങി. ബോട്ടു തൊഴിലാളിള്‍ക്ക് ഇനിയുള്ള ഒന്നരമാസം പ്രതിസന്ധിയുടേതാണ്.
മുന്‍കാലങ്ങളില്‍ ബോട്ടു തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ നല്‍കാറുണ്ടായിരുന്നു. കെട്ടിട നിര്‍മ്മാണ മേഖലയില്‍ വരെ പണിയെടുത്താണ് പലരും കുടുംബം പുലര്‍ത്തിയത്. ബോട്ടുകളുടെ അറ്റകുറ്റപണികള്‍ നടത്തുന്നതും ഇക്കാലയളവിലാണ്.
എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയിലാണ്. പരമ്പരാഗത മത്‌സ്യത്തൊഴിലാളികള്‍ വള്ളവും വലകളും ഒരുക്കി കഴിഞ്ഞു. മല്‍സ്യത്തൊഴിലാളികള്‍ക്കു ലീറ്ററിനു 25 രൂപ സബ്‌സിഡിയോടെ പ്രതിമാസം 140 മുതല്‍ 109 ലീറ്റര്‍ വരെ മണ്ണെണ്ണ കിട്ടുന്നതു ആശ്വാസമാണെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.
എന്നാല്‍ പെര്‍മിറ്റിനു പുറമെ വേണ്ടി വരുന്ന മണ്ണെണ്ണ കിരഞ്ചന്തക്കാരില്‍ നിന്നു മൂന്നിരട്ടി വില കൊടുത്തു വാങ്ങേണ്ടി വരുന്നതു ഇവരെ പ്രതിസന്ധിയിലാക്കുന്നു. തോട്ടപ്പള്ളി തുറമുഖം പ്രവര്‍ത്തന ക്ഷമമാകാത്തതു മല്‍സ്യത്തൊഴിലാളികളെയും അനുബന്ധ തൊഴിലാളികളെയും പ്രതിസന്ധിയിലാക്കുന്നു.
തുറമുഖത്തിന്റെ പുലിമുട്ടിലെ കവാടം മണലടിഞ്ഞതിനാല്‍ വള്ളങ്ങള്‍ക്ക് ഇവിടേക്കു കടന്നുവരാന്‍ തടസ്സമാകുന്നു. വലിയഴീക്കല്‍, തോട്ടപ്പള്ളി ഹാര്‍ബര്‍, പുന്നപ്ര ചള്ളി, പറവൂര്‍ ഗലീലിയ, കാട്ടൂര്‍ തീരദേശം എന്നിവിടങ്ങളില്‍ നിന്നാണു പ്രധാനമായും മല്‍സ്യബന്ധനത്തിനു പോകുന്നത്. എന്നാല്‍ മത്‌സ്യത്തൊഴിലാളികളുടെ സുരക്ഷയാണ് മറ്റൊരു പ്രശ്‌നം.
തോട്ടപ്പള്ളി തീരദേശ പോലീസ് സ്റ്റേഷനു കീഴില്‍ ആകെയുള്ള മൂന്നു ഇന്റര്‍സെപ്റ്റര്‍ ബോട്ടില്‍ ഒന്നു തകരാറിലാണ്. ബാക്കി രണ്ടെണ്ണം തൃക്കുന്നപ്പുഴയില്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ നിലവിലെ രണ്ടു ബോട്ടുകളും ഇപ്പോഴത്തെ നിലയില്‍ കടലിലിറക്കാനാവില്ലെന്ന ഗതികേടാണുള്ളത്.
ചുരുക്കത്തില്‍ കടലില്‍ എന്തെങ്കിലും അപകടം ഉണ്ടായാല്‍ കൊച്ചിയിലെ കോസ്റ്റുഗാര്‍ഡേിനെയോ, നേവിയേയോ ആശ്രയിക്കേണ്ടി വരും.
















