കൂത്തുപറമ്പ്: സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലേക്കായി ഫലവൃക്ഷത്തൈകള്‍ നല്‍കി പരിസ്ഥിതി വാരാചണം സംഘടിപ്പിച്ച് എന്‍എസ്എസ് യൂണിറ്റ് മാതൃകയായി. വേങ്ങാട് ഇകെഎന്‍എസ് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റാണ് വേങ്ങാട് ഗ്രീന്‍എര്‍ത്ത് മൂവ്‌മെന്റുമായി സഹകരിച്ച് മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഫലവൃക്ഷത്തൈകള്‍ നല്‍കിയത്.
ഉറുമാമ്പഴം, സീതപ്പഴം, പേര, നെല്ലി, ചെറുനാരങ്ങ, മാതള നാരങ്ങ, സപ്പോട്ട, ആത്തച്ചക്ക, ഞാവല്‍ തുടങ്ങിയ ഫലവൃക്ഷങ്ങളുടെ തൈകളാണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തത്. ഊട്ടിയില്‍നിന്നാണ് തൈകള്‍ കൊണ്ടുവന്നത്. തൈകള്‍ വിദ്യാര്‍ത്ഥികള്‍ തന്നെ തയ്യാറാക്കിയ വനമണ്ണ് നിറച്ച പാക്കറ്റുകളിലാക്കിയാണ് വിതരണം ചെയ്തത്. ചാണകവെള്ളം, പച്ചക്കക്ക, പച്ചിലകള്‍, ഉമിക്കരി, ഗോമൂത്രം എന്നിവ വിവധ തട്ടുകളാക്കി ഉണ്ടാക്കിയ മണ്ണ് മൂന്ന് മാസത്തിന്‌ശേഷമാണ് വനമണ്ണായി ഉപയോഗിക്കുക.
വാരാഘോഷത്തിന്റെ സമാപനം ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.കെ.രാഘവന്‍ ഉദ്ഘാടം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.ഇ.ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. രാജന്‍ വേങ്ങാട് പദ്ധതി വിശദീകരിച്ചു. പ്രധാനാധ്യാപകന്‍ വി.ടി.നാരായണന്‍, പ്രദീപന്‍ തൈക്കണ്ടി, ബി.കെ.സദാനന്ദന്‍ മാസ്റ്റര്‍, കെ.ഷിനിത്ത് മാസ്റ്റര്‍, കെ.ശ്വേത, സി.പി.പ്രശാന്ത് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
















