മാവേലിക്കര: സംശയാസ്പദകരമായ സാഹചര്യത്തില്‍ കൊലക്കേസ് പ്രതി മാവേലിക്കരയില്‍ പിടിയിലായി. കലവൂര്‍ വേണുഗോപാല്‍ കൊലപാതക കേസിലെ പ്രതിയായ എറണാകുളം കാക്കനാട് മരിയാനന്ദനയില്‍ ഷാരോണ്‍ ബെഞ്ചമിന്‍(27) ആണ് മാവേലിക്കര പോലീസിന്റെ പിടിയിലായത്.
ഇയാള്‍ കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെ ചെട്ടികുളങ്ങര ക്ഷേത്രത്തിന് സമീപം സംശയാസ്പദമായസാഹചര്യത്തില്‍ കാറില്‍ സഞ്ചരിക്കവെ പിടികൂടുകയായിരുന്നു. ഇയാള്‍ സഞ്ചരിച്ച കാര്‍ കല്ലുമല സ്വദേശിയായ വിബിയെന്നയാളുടേതാണ്. വിബി നേരത്തെ കൊട്ടേഷന്‍ ആക്രമണത്തിനിരയായിരുന്നു. ഇത്തരത്തിലുള്ള നീക്കമാണൊ ഇയാളെ മാവേലിക്കരയില്‍ എത്തിച്ചതെന്ന സംശയമാണ് പോലീസിനുള്ളത്.
ഇയാളില്‍ നിന്നും നാല് ജോഡി തുണികള്‍ കണ്ടെത്തി. കായംകുളം സ്വദേശി വിഷ്ണു(21) ഷാരോണിനൊപ്പം പിടിയിലായിട്ടുണ്ട്. സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി കൊല്ലം ഐഎച്ച്ആര്‍ഡിയില്‍ പോയതാണെന്നും തിരികെ വന്നപ്പോഴാണ് പിടിയിലായതെന്നുമാണ് ഇവര്‍ പോലീസിന് കൊടുത്തിട്ടുള്ള മൊഴി.
ഷാരോണിനെകുറിച്ച് കൂടുതല്‍ അന്വക്ഷണം നടക്കുന്നതായി മാവേലിക്കര എസ്‌ഐ: വി.എം. ശ്രീകുമാര്‍ അറിയിച്ചു.
















