ഒരു ജീവിക്കും നല്‍കാത്ത ഒരു വരം ഈശ്വരന് നമുക്ക് നല്‍കിയിട്ടുണ്ട്: വിവേകബുദ്ധി. ഇതു വേണ്ടവണ്ണം ഉപയോഗിക്കാതെ നമ്മള് സഞ്ചരിച്ചാല്‍ നഷ്ടമാകുന്നതു നമ്മുടെ ജീവിതം തന്നെയായിരിക്കും.
മക്കളുടെ ഓരോ കര്‍മത്തിന്റേയും പിന്നിലെ ലക്ഷ്യം ഈ വിവേകബുദ്ധിയെ ഉദ്ധരിച്ചെടുക്കുക എന്നതായിരിക്കണം. വിവേകം നിറഞ്ഞ കര്‍മത്തില്‍ക്കൂടി മാത്രമേ ജീവിതത്തില്‍ ശാശ്വത വിജയം കണ്ടെത്താന്‍ സാധിക്കൂ. ‘എനിക്ക് എന്തു നേടാം’ എന്ന് ചിന്തിക്കുന്നതിലുപരി ‘എനിക്ക് എന്തു നല്കാന് സാധിക്കും’ എന്നു നാം ചിന്തിക്കേണ്ടിയിരിക്കുന്നു. ചെയ്യുന്ന ഓരോ കര്‍മവും ആനന്ദകരമാക്കിത്തീര്‍ക്കേണ്ടത്, കര്‍മത്തില്‍ ആനന്ദം നുകരേണ്ടത് നമ്മുടെ ആവശ്യമാണ്. എങ്ങനെയാണ് അതു സാധിക്കുക. കര്‍മത്തില്‍ ബുദ്ധിയും ഹൃദയവും ഒന്നുചേരുമ്പോഴാണ് അതിന്റെ ശരിയായ ഫലം ലഭിക്കുന്നത്.
സാധാരണ കര്‍മം ചെയ്യുന്നത് നമ്മുടെ സന്തോഷത്തിന് വേണ്ടിയാണ്. എന്നാല്‍ അതു മറ്റുള്ളവര്‍ക്കു കൂടി ആനന്ദകരമായിരിക്കാന്‍ നമ്മള് ശ്രദ്ധിക്കണം. ഒരാളെ കൊല്ലുന്നത്, കൊലയാളിക്കു സന്തോഷകരമാണെങ്കിലും അതു മറ്റുള്ളവരുടെ ദുഃഖത്തിനു കാരണമാകുന്നു. അങ്ങനെയുള്ള കര്‍മം കര്‍മയോഗമാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: