കൊല്‍ക്കത്ത: ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടറുടെ ബലാത്സംഗകൊലപാതക കേസില്‍ അന്വേഷണം കൂടുതല്‍ വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി ബിജെപി എംഎല്‍എയും കൊല്ലപ്പെട്ട ഡോക്ടറുടെ അമ്മയുമായ രത്‌ന ദേബ്‌നാഥ് രംഗത്ത്. മുന്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെയും അന്നത്തെ ആരോഗ്യവകുപ്പ് നേതൃത്വത്തെയും അന്വേഷണപരിധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ആവശ്യം. മുന്‍ ആരോഗ്യ മന്ത്രി ഇതുവരെ ജയിലില്‍ പോയിട്ടില്ലാത്തത് എന്തുകൊണ്ട്? എന്ന ചോദ്യവും അവര്‍ ഉന്നയിച്ചു.
ആശുപത്രിയിലെ അഴിമതിയും വീഴ്ചകളും സംബന്ധിച്ച് ഗുരുതര ആരോപണങ്ങളും അവര്‍ ഉന്നയിച്ചു. സംഭവത്തിന് പിന്നാലെ ആശുപത്രിയിലെ ചില ഭാഗങ്ങള്‍ പൊളിച്ചുനീക്കാന്‍ അനുമതി നല്‍കിയതിലും അവര്‍ സംശയം പ്രകടിപ്പിച്ചു. നിലവിലെ ബിജെപി സര്‍ക്കാര്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.











