വാഷിംഗ്ടണ്‍: ഇറാഖില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് നേതാവ് അബു വാഹിബ് കൊല്ലപ്പെട്ടു.അബു വാഹിബ് സഞ്ചരിച്ച വാഹനത്തിന് നേരെ യുഎസ് സൈന്യം ആക്രമണം നടത്തുകയായിരുന്നു. അബുവിനൊപ്പം മൂന്ന് ഭീകരരും കൊല്ലപ്പെട്ടു. അന്‍ബാര്‍ പ്രവിശ്യയില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യോമാക്രമണം നടന്നത്.
ഇറാഖിലും സിറിയയിലും ഏറ്റവും അപകടകാരിയായി വളര്‍ന്നു വന്നുകൊണ്ടിരുന്ന നേതാവാണ് അബു വാഹിബ്. ഐഎസിന്റെ കഴുത്തറുക്കല്‍ വീഡിയോകളിലും മറ്റും ഇയാള്‍ സ്ഥിരമായി പ്രത്യക്ഷപ്പെട്ടിരുന്നു. മുന്‍പ് അല്‍ഖ്വയിതയുമായി ബന്ധപ്പെട്ട് അബു പ്രവര്‍ത്തിച്ചിരുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയാണിയാള്‍.എന്നാല്‍ ആക്രമണത്തെ കുറിച്ച് കൂടുതല്‍ വിവരം വെളിപ്പെടുത്താന്‍ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായില്ല.
ആക്രമണം നടത്തിയത് യുദ്ധവിമാനമാണോ അതോ ഡ്രോണുകളാണോ എന്നും വ്യക്തമാക്കിയില്ല. ഇറാഖിലെയും സിറിയയയിലെയും മുതിര്‍ന്ന ഐസിസ് നേതാക്കന്മാര്‍ക്ക് നേരെ നടക്കുന്ന ഏറ്റവും പുതിയ ആക്രമണമാണ് വാഹിദിന് നേരെ നടന്നത്.
യു.എസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട പ്രമുഖ ഐസിസ് നേതാക്കന്മാരാണ് ഐസിസ് കൗണ്‍സില്‍ അംഗമായ സുലൈമാന്‍ ശാബിബ് അല്‍ ജാബോരി, ഹാജി ഇമാം, ഒമര്‍ ദ ചെച്ചന്‍ എന്ന് അറിയപ്പെടുന്ന ഒമര്‍ അല്‍ ശിശാനി എന്നിവര്‍. ഐസിസിന്റെ രാസായുധ വിദഗ്ദനായ അബു ദാവൂദിനെ യു.എസ് പ്രത്യേക സൈന്യം പിടികൂടിയിരുന്നു.
















