ഇരിട്ടി: മതത്തിന്റെയും ആചാരങ്ങളുടെയും വ്യവസ്ഥിതികളുടെയും പേരില്‍ വിഘടിക്കുകയും പരസ്പരം വെട്ടിമരിക്കുകയും ചെയ്യുന്ന ലോകത്ത് ഭിന്നിച്ചു നില്‍ക്കുന്ന ലോകത്തെ ഒന്നിപ്പിക്കുവാന്‍ ഭഗവത്ഗീതക്ക് കഴിയുമെന്നു കുളത്തൂര്‍ അദൈ്വതാശ്രമത്തിലെ ബ്രഹ്മചാരി വേദാനന്ദ പറഞ്ഞു. പുന്നാട് ഗീതാഗ്രാമം ചെലപ്പൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഗീതാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇനി എന്താണ് ലോകത്തിനു രക്ഷ എന്ന് ചിന്തിക്കുമ്പോള്‍ ലോകം മുഴുവന്‍ ഭാരതത്തിലേക്ക് നോക്കുകയാണ്. നമ്മുടെ ഭാരതീയ തത്വചിന്തകളില്‍ ലോകം അഭയം കാണുമ്പോള്‍ നമ്മള്‍ നമ്മുടെ ദാര്‍ശനിക മൂല്യങ്ങളേയും പാരമ്പര്യങ്ങളെയും പറ്റി ആഴത്തില്‍ പഠിക്കുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യുന്നില്ല. അവയെ തൊഴിച്ച് പുറത്താക്കാന്‍ ചില കോണില്‍ നിന്നെങ്കിലും ശ്രമം നടക്കുന്നുണ്ടെന്നും വേദാനന്ദ പറഞ്ഞു.
ചടങ്ങില്‍ ക്ഷേത്ര സമിതി ട്രഷറര്‍ പി.ദാമോദരന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.ദാമോദരന്‍, പി.പി.വിശ്വനാഥന്‍, കെ.ഗോകുല്‍, വി.ശങ്കരന്‍ പുന്നാട് എന്നിവര്‍ പ്രസംഗിച്ചു. നേരത്തെ നടന്ന ആദരണസഭ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി.എം.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നാട്ടിലെ തെയ്യംകലാകാരന്മാര്‍, കലാകായിക രംഗത്തെ പ്രതിഭകള്‍, വിദ്യാഭ്യാസ രംഗത്ത് ഉന്നത വിജയം നേടിയവര്‍, മിലിട്ടറിയില്‍ ജോലി നേടിയവര്‍, നെയ്യമൃത് മഠം കാരണവര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
















