കൊച്ചി: കന്നിവോട്ട് പാഴാക്കരുതെന്ന് അഭ്യര്‍ഥനയോടെ 56,000 കന്നി വോട്ടര്‍മാര്‍ക്ക് ജില്ല കളക്ടര്‍ എം.ജി. രാജമാണിക്യം കത്തെഴുതുന്നു. പോളിംഗ് ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനോടനുബന്ധിച്ച് ജില്ല തെരഞ്ഞെടുപ്പ് ഓഫീസ് സംഘടിപ്പിക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ (സ്വീപ്പ്) ഭാഗമായാണ് കന്നിവോട്ടര്‍മാര്‍ക്ക് കത്തെഴുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. സ്വീപ്പിന്റെ ഭാഗമായി കേരള മീഡിയ അക്കാദമിയില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടര്‍. കേരളത്തില്‍ വോട്ടര്‍മാരുടെ സുരക്ഷയടക്കമുള്ള എല്ലാ കാര്യങ്ങളിലും അനൂകൂല സാഹചര്യം നിലനില്‍ക്കുമ്പോഴും വോട്ടര്‍മാര്‍ക്കിടയില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നതിലുള്ള വിമുഖത മാറേണ്ടിയിരിക്കുന്നു. ഗ്രാമീണ മേഖലയെ അപേക്ഷിച്ച് നഗരപരിധിയില്‍ ഇത്തരം പ്രവണതകള്‍ കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ മികച്ച മാധ്യമ പഠന സ്ഥാപനങ്ങളില്‍ ഒന്നായ കേരള മീഡിയ അക്കാദമിയിലെ വിദ്യാര്‍ത്ഥികളേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കി പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി വനിതകള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേകം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള ബൂത്തുകള്‍ തുടങ്ങിയവയും സജ്ജീകരിച്ചിട്ടുണ്ട്.
മീഡിയ അക്കാദമി സെക്രട്ടറി എ.എ. ഹക്കിം അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ്. രാജീവ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, കേരള മീഡിയ അക്കാദമി ഡയറക്ടര്‍ രാമചന്ദ്രന്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു.
















