ശ്രീനഗര്‍: പാക് അധീന കശ്മീരിലെ നിയന്ത്രണ രേഖയ്‌ക്കു സമീപത്തായി ചൈനീസ് സൈനികരെ കണ്ടതായി റിപ്പോര്‍ട്ട്. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും സാന്നിധ്യം ഇവിടെയുണ്ടായിരുനെന്നാണ് സൂചന. പാക്കിസ്ഥാന്റെ അധീനതയിലുള്ള വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറിലാണ് ഇവരെ കണ്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ നിയന്ത്രണ രേഖയ്‌ക്കുസമീപത്തായുള്ള ആന്തരികഘടനയില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിനായാണ് ചൈനീസ് സൈന്യം സ്ഥലെത്തത്തിയതെന്ന് പാക്കിസ്ഥാന്‍ സേനാവൃത്തങ്ങള്‍ അറിയിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപോറയില്‍ ഭാരതത്തിന്റെ കിഷന്‍ഗംഗ പവര്‍ പ്രോജക്ടിന്റെ നിര്‍മാണം നടന്നുവരികയാണ്. 970 മെഗാവാട് ഹൈഡ്രോ ഇലക്ട്രിസിറ്റി പവര്‍ പ്രോജക്ടാണ് ഇവിവിടെ പൂര്‍ത്തിയായി വരുന്നത്. 2007ല്‍ ആരംഭിച്ച ഈ പദ്ധതി ഈ വര്‍ഷം പൂര്‍ത്തീകരിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം ലീപ താഴ്‌വരയില്‍ പുതിയ ടണലിലൂടെയുള്ള റോഡ് നിര്‍മിക്കുന്നതിനായാണോ ചൈനീസ് സൈന്യം വടക്കന്‍ കശ്മീരില്‍ എത്തിയതെന്നും സംശയിക്കുന്നുണ്ട്. ഈ പാത പ്രാവര്‍ത്തികമായാല്‍ കാരക്കോറം ദേശീയപാതയിലേക്കുള്ള എളുപ്പമാര്‍ഗ്ഗമാവും. 46 ലക്ഷംകോടിയാണ് ഇതിന്റെ ചെലവ് പ്രതീക്ഷിക്കുന്നത്.
പാക് അധീന കശ്മീരിലെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലൂടെ കടന്നുപോകുന്ന ഈ സാമ്പത്തിക ഇടനാഴി കാരക്കോറം ഹൈവേയിലൂടെ സിങ്ജിയാങിലെ കാഷ്ഗറിലാണ് അവസാനിക്കുന്നത്. ഇത് പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള വ്യാപാരവാണിജ്യ ബന്ധം മെച്ചപ്പെടുത്താന്‍ സഹായകമാവും.
ഭാരത സൈന്യം ഇതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പാക്കീസ്ഥാനിലെ ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം ഭാരതത്തിനു ഭീഷണിയുയര്‍ത്തുന്നതാണെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
















