ന്യൂദല്‍ഹി: ഫ്രാന്‍സില്‍ നിന്നും 36 റഫേല്‍ ജെറ്റുകള്‍ വാങ്ങുന്നതിനായുള്ള വില നിര്‍ണ്ണയം സംബന്ധിച്ച് സമവായത്തിലെത്തുവാന്‍ കഴിഞ്ഞില്ല. ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ വിമാനങ്ങള്‍ക്ക് 90,000 കോടിയെന്ന നിലയില്‍ ഉറച്ചുനിന്നു. എന്നാല്‍ ഭാരതത്തിന്റെ വില നെഗോസിയേഷന്‍ കമ്മറ്റി (പിഎന്‍സി) 65,000 കോടിയില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന തീരുമാനത്തില്‍ ഉറച്ചുനിന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ദാസാള്‍ട്ട് ഏവിയേഷനും ഫ്രഞ്ച് നിര്‍മ്മാതാക്കളും 90,000 കോടിയില്‍ നിന്നും വില കുറച്ച് നല്‍കുവാന്‍ തയ്യാറായില്ല. അതേസമയം സ്‌പെയര്‍ പാര്‍ട്ട്‌സുകളുടെയും മറ്റും കാര്യത്തില്‍ പുതിയ പ്രൊപ്പോസല്‍ നല്‍കാമെന്ന നിലപാടിലായിരുന്നു ഫ്രഞ്ച് സംഘം
.പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ ഇക്കാര്യത്തില്‍ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. റഫേല്‍ ജെറ്റുകള്‍ക്ക് വന്‍ തുകയാണ് ഇവര്‍ നിര്‍ണ്ണയിച്ചിരിക്കുന്നത്. ഇതൊരിക്കലും ഭാരതത്തിന് സ്വീകാര്യമല്ല. അമിതമായ വിലയില്‍ ജെറ്റുകള്‍ വാങ്ങുവാന്‍ ഭാരതം തയ്യാറല്ലായെന്ന ശക്തമായി നിലപാടിലാണ് പ്രതിരോധമന്ത്രാലയം. 12 ബില്യണ്‍ യൂറോയാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എട്ട് ബില്യണ്‍ യൂറോ നല്‍കാമെന്നാണ് ഭാരതം വ്യക്തമാക്കിയിട്ടുള്ളത്. ചര്‍ച്ചകള്‍ നടക്കുകയാണ് എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു തീരുമാനത്തിലും എത്തിയിട്ടില്ല. ഫ്രഞ്ച് പ്രസിഡന്റിന്റെ ജനുവരിയിലെ സന്ദര്‍ശനത്തിലും ഇത് സംബന്ധിച്ച് ധാരണയിലെത്തുവാന്‍ കഴിഞ്ഞിരുന്നില്ല.
















