വിശ്വ സാംസ്‌കാരികോത്സവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും
ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറും
ന്യൂദല്‍ഹി: ലക്ഷങ്ങളെ സാക്ഷിയാക്കി ഇന്ദ്രപ്രസ്ഥത്തിലെ യമുനാ നദിക്കരയില്‍ മഹത്തായ വിശ്വസാംസ്‌ക്കാരികോല്‍സവത്തിന് തുടക്കം. മംഗളസൂചകമായി പെയ്ത മഴയും അണമുറിയാതെത്തിയ ജനതതിയും സപ്തവര്‍ണ്ണങ്ങള്‍ തീര്‍ത്ത മഴവില്ലും തലസ്ഥാനത്തിന് പുതിയ അനുഭവമായി. ലോകമാരാധിക്കുന്ന ആത്മീയാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ നേതൃത്വത്തിലുള്ള ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിക്കുന്ന മൂന്നു ദിവസത്തെ സാംസ്‌ക്കാരികോല്‍സവത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിച്ചു.
ജീവനകല രൂപം കൊണ്ടതിന്റെ 35-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന സാംസ്‌കാരികോല്‍സവത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 36,000 കലാകാരന്മാരാണ് പങ്കെടുക്കുന്നത്. 35 ലക്ഷത്തോളം പേര്‍ പരിപാടികളില്‍ പങ്കെടുക്കും.
സംസ്‌കാരത്തിന്റെ കുംഭമേളയാണിതെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മോദി പറഞ്ഞു. നാം പരസ്പരം കുറ്റം പറഞ്ഞിരുന്നാല്‍ ലോകം എങ്ങനെ നമ്മിലേക്ക് നോക്കും. ജീവനകലയെന്ന മഹാപ്രസ്ഥാനം വഴി ലോകം ഭാരതത്തെ അടുത്തറിഞ്ഞു. മംഗോളിയയില്‍ ചെന്ന സമയത്ത് അവിടുത്തെ ആര്‍ട്ട് ഒാഫ് ലിവിങ് കുടുംബമാണ് എെന്ന സ്വീകരിച്ചത്, പ്രധാനമന്ത്രി പറഞ്ഞു. നാമെല്ലാവരും സാംസ്‌കാരികമായി പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.
പ്രവര്‍ത്തന ദൗത്യം ലോകമെങ്ങും വിജയകരമായി വ്യാപിപ്പിക്കാന്‍ കഴിഞ്ഞ ശ്രീ ശ്രീ രവിശങ്കറിനെ ഞാന്‍ അഭിനന്ദിക്കുന്നു. ഭാരതം വൈവിധ്യത്തിന്റെ നാടാണ് . ധാരാളം കാര്യങ്ങള്‍ നമുക്ക് ലോകത്തിനു പകര്‍ന്നു നല്‍കാനുണ്ട്. നിങ്ങളില്‍ ഓരോരുത്തരെയും ഞാന്‍ ഭാരതത്തിലേക്ക് ക്ഷണിക്കുകയാണ്, സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിദേശപ്രതിനിധികളോടായി അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ പങ്കെടുക്കുന്നവരില്‍ നൂറിലേേെപ്പര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ്, അലയടിച്ചുയര്‍ന്ന കരഘോഷങ്ങള്‍ക്കിടെ ജീവനകല ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ സൂചിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. നാം ഒരു കുടുംബമാണ് എന്ന സന്ദേശമാണ് ഇതു നല്‍കുന്നത്, അദ്ദേഹം പറഞ്ഞു.
രാവിലേതന്നെ ഇവിടേക്കുള്ള ജനപ്രവാഹം തുടങ്ങിയിരുന്നു. മൂന്നു മണിയോടെ ആയിരം ഏക്കറില്‍ ഒരുക്കിയ സ്‌റ്റേഡിയത്തില്‍ ജനം നിറഞ്ഞുകവിഞ്ഞു. നാലു മണിയോടെ ഏഴേക്കറില്‍ നിര്‍മ്മിച്ച വേദിയിലും പ്രമുഖരെക്കൊണ്ട് നിറഞ്ഞു. കലാകാരന്മാര്‍ നാലരയോടെ പരിപാടികള്‍ അവതരിപ്പിച്ചുതുടങ്ങി. 5.20 ഓടെ ജയ്ഗുരുദേവ് വിളികളോടെ പരിപാടിക്ക് തുടക്കമായി. അഞ്ചരയ്‌ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീ ശ്രീ രവിശങ്കറും സ്‌റ്റേഡിയത്തില്‍ എത്തി. അതോടെ ജനങ്ങള്‍ മോദി മോദി എന്ന് ഉച്ചത്തില്‍ വിളിച്ചു. ഇതിനിടെ പത്തു മിനിറ്റ് നീണ്ട മഴ നിലച്ചു. സൂര്യന്‍ പ്രഭ തൂകി, ഒപ്പം മഴവില്ലും തെളിഞ്ഞു. ആറു മണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്.
















