പയ്യന്നൂര്‍: തെരുവു വിളക്കുകള്‍ മിക്കതും കണ്ണടച്ചതോടെ പിലാത്തറ ടൗണ്‍ സന്ധ്യ മയങ്ങുന്നതോടെ കൂരിരുട്ടില്‍. ടൗണും ബസ് സ്റ്റാന്റും മാര്‍ക്കറ്റുമെല്ലാം ഇരുട്ടിലാകുന്നതോടെ യാത്രക്കാരും വ്യാപാരികളും പൊതുജനങ്ങളും തപ്പിത്തടയേണ്ടുന്ന സ്ഥിതിയിലാണ്. ടൗണ്‍ ജംഗ്‌ഷനില്‍ ഹൈമാസ് ലൈറ്റ് സ്ഥാപിക്കണമെന്ന ജനകീയ ആവശ്യം ഇവിടെ നടപ്പായില്ല. ടൗണില്‍ നിന്ന് വിളിപ്പാടകലെ ഒരാഴ്‌ച മുമ്പാണ് വീട്ടില്‍ കവര്‍ച്ച നടന്നത്. പിലാത്തറ ടൗണിലെ വെളിച്ചമില്ലായ്‌മ മോഷ്‌ടാക്കള്‍ വിലസാനും കാരണമാകുന്നതായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു.
ബസ് സ്റ്റാന്റിലും ദേശീയപാതയിലുമുള്ള എല്‍ഇഡി വിളക്കുകള്‍ പലതും കത്താതായിട്ട് നാളേറെയായി. സന്ധ്യ അടുക്കുന്നതോടെ ബസ്സുകള്‍ സ്റ്റാന്റില്‍ കയറാതെയുമായി. ദേശീയപാതയില്‍ രാത്രിയില്‍ ബസ്സിറങ്ങുന്നവര്‍ ഇരുളിലാണ് റോഡ് മുറിച്ചു കടക്കുന്നത്. മാതമംഗലം റോഡില്‍ ബസ് കാത്തു നില്‍ക്കുന്നവരും ഓട്ടോ പിടിക്കാന്‍ പോകുന്നവരും ഇരുളില്‍ തപ്പുകതന്നെ. ബസ് സ്റ്റാന്റിലെ കടകള്‍ക്ക് പിറകിലുള്ള മൂത്രപ്പുരയില്‍ സന്ധ്യ കഴിഞ്ഞാല്‍ ആര്‍ക്കും പോകാന്‍ കഴിയില്ല.
ചെറിയ ജംഗ്‌ഷനുകളില്‍ പോലും ഹൈമാസ് ലൈറ്റുകള്‍ വന്നിട്ടും പിലാത്തറയില്‍ സ്ഥാപിതമായിട്ടില്ല. ഇരുളില്‍ മാതമംഗലം റോഡിലും ദേശീയപാതയിലും പഴയങ്ങാടി റോഡിലും തെരുവുനായ ശല്യവും ശക്തമാണ്. ദൂരയാത്ര ചെയ്‌ത് മടങ്ങിയെത്തുന്നവര്‍ക്ക് സന്ധ്യ കഴിഞ്ഞാല്‍ പാര്‍ക്ക് ചെയ്‌ത വണ്ടിയെടുക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണുള്ളത്.
















