കണ്ണൂര്‍: തൃണമൂല്‍ കോണ്‍ഗ്രസ്സിനെയും ബിജെപിയെയും പരാജയപ്പെടുത്താനെന്ന പേരില്‍ ബംഗാളിലുണ്ടാക്കിയ സിപിഎം-കോണ്‍ഗ്രസ് സഖ്യം രഹസ്യമായി കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇതിനെ ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ശ്രീശന്‍ മാസ്റ്റര്‍ അഭ്യര്‍ത്ഥിച്ചു. ഭാരതീയ ജനതാപാര്‍ട്ടി കണ്ണൂര്‍ ജില്ലാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മണ്ഡലംതല തെരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മറ്റി അംഗങ്ങള്‍ക്കും മണ്ഡലം പ്രസിഡണ്ട്-ജനറല്‍ സെക്രട്ടറി ഉപരി പ്രവര്‍ത്തകര്‍ക്കുമായി നടത്തിയ ശില്‍പ്പശാല കണ്ണൂര്‍ തെക്കിബസാറിലെ ഗുരുമന്ദിരത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
35 വര്‍ഷത്തെ തുടര്‍ച്ചയായ ഭരണത്തില്‍ നടത്തിയ അഴിമതിയിലും അക്രമങ്ങളിലും മനംമടുത്ത് അണികള്‍ കൊഴിഞ്ഞുപോയതു കാരണം നിലനില്‍പ്പിനായി കഠിനപ്രയത്‌നം നടത്തുകയാണ് ബംഗാളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം. ഇവിടെ അധികാരത്തിനായി കോണ്‍ഗ്രസ്സുമായി കൂട്ടുകൂടുമ്പോള്‍ കേരളത്തില്‍ അധികാരത്തിനായി ഒരുവിഭാഗം നേതാക്കള്‍ കോണ്‍ഗ്രസ്സിനെ എതിര്‍ക്കുന്നു. എന്നാല്‍ ഇതിന് മാറ്റം വരാന്‍ സാധ്യതയുണ്ടെന്നും ബിജെപിയെ പരാജയപ്പെടുത്താനായി കേരളത്തിലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട് നടക്കാന്‍ സാധ്യതയുണ്ടെന്നും ശ്രീശന്‍ മാസ്റ്റര്‍ പറഞ്ഞു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ രാഷ്‌ട്രപുരോഗതിക്കായുള്ള അഴിമതിരഹിത വികസന പ്രവര്‍ത്തനങ്ങളെ പൊതുജനങ്ങളിലേക്കെത്തിക്കാനും അഴിമതിയില്‍ മുങ്ങിക്കുളിച്ച ഇടതു-വലതു മുന്നണികളുടെ ദേശവിരുദ്ധ ശക്തികളുമായി ചേര്‍ന്നുള്ള അവസരവാദ രാഷ്‌ട്രീയതിനെതിരെയുമുള്ള വിധിയെഴുത്തിനായി അക്ഷീണം പ്രവര്‍ത്തിക്കാനും രാജ്യസ്‌നേഹികളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
ജില്ല പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി കോഴിക്കോട് മേഖലാ പ്രസിഡണ്ട് വി.വി.രാജന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി കൂവൈ സുരേഷ്ബാബു, ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതിയംഗങ്ങളായ കെ.രഞ്ജിത്ത്, എ.ദാമോദരന്‍, ജില്ലാ ഭാരവാഹികളായ മോഹനന്‍ മാനന്തേരി, വി.വി.ചന്ദ്രന്‍, വിജയന്‍ വട്ടിപ്രം, കെ.ജയപ്രകാശ്, എ.ഒ.രാമചന്ദ്രന്‍, യു.ഇന്ദിര തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല ജനറല്‍ സെക്രട്ടറിമാരായ അഡ്വ.വി.രത്‌നാകരന്‍ സ്വാഗതവും കെ.കെ.വിനോദ് കുമാര്‍ നന്ദിയും പറഞ്ഞു.
















