കല്‍പ്പറ്റ : ഇനി മുതല്‍ ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് സ്ഥലമുടമ വില്ലേജ് ഓഫീസില്‍നിന്ന് ഓണ്‍ലൈന്‍ തണ്ടപ്പേര്‍ അക്കൗണ്ട് പകര്‍പ്പ് വാങ്ങി ആധാരം തയ്യാറാക്കുന്നതിനുള്ള രേഖകള്‍ക്കൊപ്പം നല്‍കണമെന്ന് ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. ജില്ലയിലെ എല്ലാ വില്ലേജ് ഓഫീസുകളിലും ഓണ്‍ലൈന്‍ പോക്കുവരവ് നടപ്പാക്കിക്കഴിഞ്ഞു. അതുപ്രകാരം ഓണ്‍ലൈനായി ആധാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ റവന്യൂതല വിവരങ്ങളും രജിസ്‌ട്രേഷന്‍തല വിവരങ്ങളും തമ്മിലുള്ള വ്യത്യാസം മൂലം രജിസ്‌ട്രേഷന്‍ നടത്താന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തില്‍ സബ്കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ രജിസ്ട്രാര്‍ ജനറല്‍, സബ് രജിസ്ട്രാര്‍മാര്‍, ആധാരം എഴുത്തുകാര്‍, തഹസില്‍ദാര്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. രജിസ്‌ട്രേഷനും പോക്കുവരവും ഒരേസമയം ഓണ്‍ലൈനായതിനാലാണ് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത്. അപേക്ഷകര്‍ക്ക് കാലതാമസമില്ലാതെ വില്ലേജ് ഓഫീസില്‍നിന്ന് ഓണ്‍ലൈന്‍ തണ്ടപ്പേര്‍ അക്കൗണ്ട് പകര്‍പ്പ് ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
















