താഴെചൊവ്വ: ഭാരതത്തിലെ സിപിഎമ്മും കമ്മ്യൂണിസ്റ്റുകളും എല്ലാകാലത്തും ദേശവിരുദ്ധ സമീപനമാണ് കൈക്കൊണ്ടിട്ടുള്ളതെന്നും അതിന്റെ തുടര്‍ച്ചയാണ് ജെഎന്‍യു സംഭവത്തിലും മറ്റും സിപിഎം പിന്തുടരുന്ന ദേശവിരുദ്ധ നടപടികള്‍ എന്ന് ആര്‍എസ്എസ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.ബി.പ്രജില്‍ പറഞ്ഞു. കണ്ണൂര്‍ താഴെചൊവ്വയില്‍ സംഘപരിപാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശഭക്ത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്ലാമിക തീവ്രവാദപ്രസ്ഥാനങ്ങളുമായി കൂട്ടുചേര്‍ന്ന് കമ്മ്യൂണിസ്റ്റുകള്‍ മയക്കുമരുന്നുപോലെ രാജ്യത്തെ കേമ്പസുകളിലെ യുവാക്കള്‍ക്കിടയില്‍ ദേശവിരുദ്ധത കുത്തിയിറക്കുകയാണ്. ഭാരത ശിഥിലീകരണത്തിനും രാഷ്‌ട്രീയ ധ്രുവീകരണത്തിനും വേണ്ടി നടത്തുന്ന ഇത്തരം നടപടികള്‍ അപലപനീയമാണ്.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസിനെയും രാഹുലിനെയും കൂട്ടുപിടിച്ചാണ് സിപിഎം മുന്നോട്ടുപോകുന്നത് സിപിഎമ്മുകാര്‍ക്ക് സഹിഷ്ണുതയെക്കുറിച്ച് പറയാന്‍ എന്തര്‍ഹതയുള്ളതാണെന്ന് അദ്ദേഹം ചോദിച്ചു. കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് നേതാക്കന്‍മാരുടെ ഗ്രാമങ്ങളിലും സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലും ജനാധിപത്യ ധ്വംസനവും അസഹിഷ്ണുതയും മനുഷ്യാവകാശ ലംഘനവുമാണ് കാലങ്ങലായി നടന്നുവരുന്നത്. ഇത്തരം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിവരുന്ന സിപിഎമ്മിന് അസഹിഷ്ണുതയെപറ്റി പറയാന്‍ അര്‍ഹതയില്ല. സിപിഎമ്മിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങി എന്നും വരും നാളുകളില്‍ ഇതിന്റെ തിക്തഫലം സിപിഎം അനുഭവിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ കെ.കെ.ശശി അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതി അംഗം പി.കെ.വേലായുധന്‍, സംസ്ഥാന സമിതി അംഗം കെ.രഞ്ജിത്ത് തുടങ്ങിയവരും സംബന്ധിച്ചു.
















