തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖപദ്ധതി മൂലം തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് 23.8 കോടി രൂപയുടെ പുനരധിവാസ പാക്കേജ് നടപ്പാക്കും. കോട്ടപ്പുറം, വലിയ കടപ്പുറം ഭാഗത്ത് കരമടി മത്സ്യബന്ധനം നടത്തുന്ന ഉടമകള്‍, പ്രവര്‍ത്തനമില്ലാത്ത കരമടി ഉടമകള്‍, സ്ഥലപരിശോധനയിലും രേഖാ പരിശോധനയിലും കണ്ടെത്തിയ കരമടി മത്സ്യത്തൊഴിലാളികള്‍, പെന്‍ഷണര്‍മാര്‍, മുല്ലൂര്‍, സൂര്യ സമുദ്ര ബീച്ചുകളിലെ ചിപ്പി, ലോബ്സറ്റര്‍ തൊഴിലാളികള്‍, പെന്‍ഷണര്‍മാര്‍ എന്നിവര്‍ക്കാണ് നഷ്ടപരിഹാരം നല്‍കുന്നത്. പദ്ധതി പ്രദേശത്തിന്റെ തീരത്തു നിന്ന് കട്ടമരം ഉപയോഗിക്കാതെ ചിപ്പി ശേഖരിക്കുന്നവരുടെ വരുമാനം കട്ടമരം ഉപയോഗിച്ച് ചിപ്പി ശേഖരിക്കുന്നവരുടെ വരുമാനത്തിന്റെ ആറിലൊന്ന് മാത്രമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കും. മുല്ലൂര്‍ പ്രദേശത്തെ തീരപ്രദേശങ്ങളില്‍ നിന്ന് പദ്ധതി പ്രദേശത്തു വന്ന് വര്‍ഷത്തില്‍ ഒരുമാസം ചിപ്പി ശേഖരിച്ചിരുന്നവര്‍ക്കും രണ്ടുലക്ഷം വീതം നല്‍കും. പദ്ധതിപ്രദേശത്ത് കട്ടമരം കെട്ടുന്നതിന് സഹായിക്കുന്നവര്‍, ചിപ്പി, ലോബ്സ്റ്റര്‍ കച്ചവടം നടത്തുന്നവര്‍ എന്നിവര്‍ക്ക് ഒരുലക്ഷംരൂപവീതം നല്‍കും. സ്ഥിരമായി ജീവനോപാധി നഷ്ടപ്പെടുന്നവര്‍ക്ക് പദ്ധതിക്കായി സംസ്ഥാന ബജറ്റില്‍ അനുവദിച്ചിട്ടുള്ള തുകയില്‍ നിന്ന് നഷ്ടപരിഹാരം നല്‍കുന്നതിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് അംഗീകാരം നല്കി. പുനരധിവാസത്തിന് നല്കുന്ന തുക ബാങ്ക് അക്കൗണ്ട് ട്രാന്‍സ്ഫര്‍ മുഖേനയോ ചെക്കായോ നല്‍കും. നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെട്ടവരുടെ ഉപകരണങ്ങള്‍ സബ് കമ്മറ്റി അംഗങ്ങളുടെ മേല്‍നോട്ടത്തില്‍ വിഴിഞ്ഞം തുറമുഖകമ്പനി മഹസര്‍ തയ്യാറാക്കി ഏറ്റെടുത്ത് ലേലം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: