കല്‍പ്പറ്റ : സാമ്പത്തിക, സാമൂഹ്യ രംഗത്തെ മഹത്തായ പ്രവര്‍ത്തനങ്ങളിലൂടെ സ്ത്രീ ശാക്തീകരണ മേഖലയില്‍ കുടുംബശ്രീ ലോകത്തിനാകെ പുതിയ മാതൃക സൃഷ്ടിച്ചതായി ജില്ലാ ജഡ്ജ് ഡോ. വി. വിജയകുമാര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന നിയമ ബോധവത്കരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളിലൂടെ പകര്‍ന്ന് നല്കുന്ന അറിവുകള്‍ തലമുറകളിലേക്ക് വ്യാപിക്കുമെന്നും സമൂഹത്തിലെ പിന്നോക്കാവസ്ഥയും അസന്തുലിതാവസ്ഥയും പരിഹരിക്കുന്നതിന് സ്ത്രീകള്‍ക്ക് നിയമബോധവത്കരണം നല്‍കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ലീഗല്‍ സര്‍വ്വീസസ് അതേറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പരമാവധി താഴെത്തട്ടിലെത്തിക്കാനും കുടുംബശ്രീക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
ജില്ലയിലെ 26 സി.ഡി.എസുകളിലെ അംഗങ്ങള്‍ക്ക് ആദ്യഘട്ടത്തിലും, 487 എ.ഡി.എസുകളിലെ മുഴുവന്‍ അംഗങ്ങള്‍ക്കും രണ്ടാം ഘട്ടത്തിലും പരിശീലനം നല്‍കും. ഒരു വര്‍ഷത്തിനകം കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമായി പതിനായിരത്തോളം നിയമ സഹായ ക്ലാസുകള്‍ നല്‍കുകയാണ് ലക്ഷ്യം. ജില്ലയിലെ പ്രഗത്ഭരായ നിയമജ്ഞരാണ് ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ സംസ്ഥാന മിഷന് പ്രോഗ്രാം ഓഫീസര്‍ ടി.ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷനായിരുന്നു. കുടുംബശ്രീ അസി. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.പി.ജയചന്ദ്രന്, ജില്ലാലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി കെ.കെ സുജാത എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ പി.പി മുഹമ്മദ് സ്വാഗതവും അസി. ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ ടി.എന്‍ ശോഭ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: