കല്‍പ്പറ്റ : വേനല്‍ കനത്തതോടെ വയനാട് വരള്‍ച്ചയിലേക്ക്. ഇക്കാലമത്രയും അനുഭവപ്പെടാത്ത രീതിയിലുള്ള ചൂടാണ് രാത്രിയിലും വയനാട്ടുകാര്‍ അഭിമുഖീകരിക്കുന്നത്. ഫ്രിഡ്ജ്, ഫാന്‍, എസി മുതലയാവ ഒരുകാലത്ത് അന്യമായിരുന്ന ജില്ലയില്‍ ഇന്ന് ഇത് ഇല്ലാത്ത ഇടങ്ങളില്ല. പുഴകള്‍ തോടുകളായുംതോടുകള് നീര്‍ച്ചാലുകളായും വയനാട്ടില്‍ പരിണമിച്ചുകഴിഞ്ഞു. തൊണ്ടാര്‍മുടിയില്‍നിന്ന് ഉത്ഭവിക്കുന്ന ജില്ലയിലെ പ്രധാന നദിയായ കബനിയുടെ കൈവഴികളായ മാനന്തവാടിപുഴയും പനമരം പുഴയും ശോഷിച്ചുകഴിഞ്ഞു. ഈ രണ്ട് പുഴകളിലെയും ചെക്ക്ഡാമുകളുടെ ഷട്ടറുകള്‍ ഒരാഴ്ച്ച മുന്‍പുതന്നെ അടച്ചു. ജില്ലയിലെ ഭൂരിഭാഗം ചെക്ക്ഡാമുകളുടെയും ഷട്ടറുകള്‍ അടച്ചിട്ടിരിക്കുകയാണ്. ബാണസുര സാഗര്‍ ഡാമിലെയും കാരാപ്പുഴയിലെയും ജലസ്രോതസ്സുമാത്രമാണ് വയനാടിനുള്ള ആശ്വാസം. ജില്ലയിലെ മുളംകൂട്ടങ്ങള്‍ പൂത്തുനശിച്ചതാണ് കലാവസ്ഥാവ്യതിയാനത്തിനുള്ള പ്രധാനകാരണമായി പറയപ്പെടുന്നത്. വനഭാഗങ്ങളില്‍ അടിക്കടിയുണ്ടാകുന്ന കാട്ടുതീയും കാലാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്നു. ബ്രഹ്മഗിരി മകുടങ്ങളും ബാണാസുരന്മലയും കാട്ടുതീ ഭീതിയിലാണ്. ബാണാസുരന് മലയുടെ ഒരുഭാഗം കഴിഞ്ഞദിവസം കത്തിയമര്‍ന്നിരുന്നു. ജില്ലയിലെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് പെട്ടന്നാണ് താഴ്ന്നുകൊണ്ടിരിക്കുന്നത്. വയനാട് കൊടുംവരള്‍ച്ചയുടെ പിടിയിലാകുമെന്ന സൂചനയാണ് കാലാവസ്ഥാനിരീക്ഷകരും പങ്കുവെക്കുന്നത്.
ജില്ലയുടെ പ്രധാന ജലസമ്പത്തായ കബനിനദിയിലെ വെള്ളം വറ്റിവരളുമ്പോഴും അവശേഷിക്കുന്ന വെള്ളമത്രയും ഊറ്റി കര്‍ണാടക സര്‍ക്കാര്‍ തങ്ങളുടെ കൃഷിയിടങ്ങള്‍ ഫലസമ്പുഷ്ടമാക്കുന്നു. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ കുടിവെള്ളംപോലും മുടക്കുംവിധം കര്‍ണാടക വെള്ളം യഥേഷ്ടം ഉപയോഗിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരും, ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റുകളും കണ്ണടയ്ക്കുകയാണ്. കാവേരി നദീജല ട്രൈബ്യൂണല്‍ വിധി പ്രകാരമുള്ള ന്യായമായ അവകാശംപോലും ഇവിടെ കേരളത്തിന് ലഭിക്കുന്നില്ല.
കബനി നദിയില്‍ ഇക്കുറി നേരത്തെതന്നെ ജലക്ഷാമം അനുഭവപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട കര്‍ണാടക സര്‍ക്കാര്‍ കബനിയിലുണ്ടാകുന്ന വെള്ളത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്കായി പഠനം ആരംഭിച്ചുകഴിഞ്ഞു. ബൈരക്കുപ്പ മുതലുള്ള വെള്ളത്തിന്റെ അളവ്, ഒഴുക്ക് തുടങ്ങിയ വിവരങ്ങളാണ് ബീച്ചനഹള്ളിയില് പ്രവര്‍ത്തിക്കുന്ന കാവേരി നീരാവതി നിഗംലിമിറ്റഡിലെ ഉദ്യോഗസ്ഥര്‍ ദിവസേന രാവിലെയും വൈകുന്നേരവുമായി അളന്ന് തിട്ടപ്പെടുത്തി വിവരം അധികൃതരെ അറിയിച്ചുകൊണ്ടിരിക്കുന്നത്. കബനിയിലെ ജലം പൂര്‍ണ്ണമായും ഉപയോഗിക്കുന്ന കര്‍ണാടകയ്ക്ക് ഇത് ആവശ്യമായ കാര്യവുമാണ്. കബനിയില്‍ നിന്നെത്തുന്ന വെള്ളം ബീച്ചനഹള്ളി അണക്കെട്ടിലൂടെ അവിടത്തെ കൃഷിയിടങ്ങളില്‍ യഥേഷ്ടം ഉപയോഗിക്കുന്നു. കൂടാതെ താല്ക്കറ അണക്കെട്ടിലൂടെയും കബനിവെള്ളം കര്‍ണാടക ഉപയോഗിക്കുന്നു. ഈ രണ്ട് അണക്കെട്ടുകളിലൂടെയും പതിനായിരത്തോളം ഏക്കര്‍ സ്ഥലത്തെ കൃഷിയിടങ്ങളില്‍ വെള്ളമെത്തിക്കുന്നുണ്ട്. കൂടാതെ കാമങ്കര, ചാമരാജ് നഗര്‍ എന്നിവിടങ്ങളിലും ഈ വെള്ളമെത്തിച്ച് കര്‍ണാടകയില്‍ കൃഷിചെയ്യുന്നുണ്ട്. കര്‍ണാടക അതിര്‍ത്തിയും കടന്ന് തമിഴ്നാട് മേട്ടൂര്‍ അണക്കെട്ടുവരെയെത്തുന്ന കബനിയിലെ വെള്ളം എന്തുകൊണ്ടോ ജില്ലയിലെ കൃഷിയിടങ്ങള്‍ക്ക് ആശ്വാസമാകുന്നില്ല. എട്ടുവര്‍ഷം മുമ്പ് കബനിഗിരി-ശശിമല പ്രദേശങ്ങളില്‍ ജലസേചനത്തിനായി 28 കോടി രൂപയുടെ ഒരു പ്രൊജക്ട് വന്നിരുന്നെങ്കിലും അത് പ്രായോഗികമാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയായിരുന്നു. കൂടാതെ ആറുവര്‍ഷം മുമ്പ് ശശിമല സേവ്യംകൊല്ലി പ്രദേശങ്ങളില്‍ കരകൃഷിയുടെ ജലസേചനത്തിനായി നാട്ടുകാര്‍ ഭൂമിവരെ വിട്ടുനല്‍കാന്‍ തയ്യാറായിരുന്നു. 32 കോടിരൂപയുടെ ആ പദ്ധതിയും എഗ്രിമെന്റ് വരെയെത്തിയെങ്കിലും നടക്കാതെപോകുകയായിരുന്നു. പത്തുവര്‍ഷം മുമ്പ് പാകത്ത് തിരുമുഖം പദ്ധതിയും ഇത്തരത്തില്‍ കടലാസിലൊതുങ്ങുകയായിരുന്നു. ദീര്‍ഘവീക്ഷണത്തോടെ കര്‍ണാടക സര്‍ക്കാര്‍ കബനിയിലെ വെള്ളം ഉപയോഗിക്കുമ്പോള്‍ കേരളത്തിലൂടെ ഒഴുകുന്ന കബനി വയനാട്ടുകാര്‍ക്ക് ദാഹജലം പോലും ലഭ്യമല്ലാത്ത അവസ്ഥയിലേക്ക് മാറുകയാണ്.
ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി പഞ്ചായത്തുകളില്‍ കരിഞ്ഞുണങ്ങുമ്പോഴും ഇനിയും കബനിയിലെ ജലം എങ്ങനെ ഉപയോഗിക്കാമെന്ന പാഠം നാം പഠിക്കുന്നില്ല. അത് പഠിച്ചവര്‍ യഥേഷ്ടം ഊറ്റുന്നു. നാം പരസ്പരം പഴിപറഞ്ഞ് നാടിനെ മരുഭൂമിയാക്കുന്നു. ജലസമൃദ്ധമായ കബനിയുടെ നീര്‍ക്കയങ്ങളില്‍ ജലസേചന സൗകര്യാര്‍ത്ഥം ഇലക്ട്രിക് മോട്ടോറുകള്‍ സ്ഥാപിച്ചാല്‍ വയനാട്ടിലെ വരണ്ടുണങ്ങിയ പാടങ്ങളില്‍ കര്ഷകന് വീണ്ടും വിത്തെറിയാം. എന്നാല്‍ സര്‍ക്കാരിന്റെ പിടിപ്പുകേട്മൂലം കര്‍ണാടകയിലേക്ക് ഒഴുകിപോകുന്ന ജലസമൃദ്ധിയെ നോക്കി നെടുവീര്‍പ്പിടാന്‍ മാത്രമേ വയനാട്ടിലെ കര്‍ഷകര്‍ക്കാകുന്നുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: