കണ്ണൂര്‍: അഴീക്കല്‍ പ്രദേശത്ത് വ്യാപക സംഘര്‍ഷത്തിന് സിപിഎം കോപ്പുകൂട്ടുന്നു. വായിപ്പറമ്പ്, ഇല്ലിക്കുന്ന്, കാപില്‍ പീടിക, ഉപ്പായിച്ചാല്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തുന്ന സംഘമാണ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം ഉപ്പായിച്ചാലില്‍ നിന്ന് പോലീസ് നിരവധി മാരകായുധങ്ങള്‍ കണ്ടെടുത്തിരുന്നു. ഉപ്പായിച്ചാലിലെ പ്രാദേശിക സിപിഎം നേതാവാണ് ആയുധശേഖരത്തിന് പിന്നിലെന്നാണ് സൂചന. അഴീക്കല്‍ പാമ്പാടിയില്‍ ആലിന്‍കീഴില്‍ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സിപിഎം സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. പരിസരപ്രദേശത്തെ വീടുകളിലെത്തി ക്രിമിനല്‍ സംഘം ഭീഷണിമുഴക്കുകയും ചെയ്തു. മറ്റ് പ്രദേശങ്ങളില്‍ നിന്ന് സംഘംചേര്‍ന്നെത്തുന്ന ക്രിമിനല്‍ സംഘം നിരന്തരമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ പ്രദേശവാസികള്‍ പരിഭ്രാന്തരാണ്.
















