തലശ്ശേരി: ഓട്ടോറിക്ഷയില്‍ പിക്കപ്പ് വാനിടിച്ച് വീട്ടമ്മ മരിച്ചു. മകന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ കൊളശ്ശേരിയിലാണ് അപകടം നടന്നത്. കൊളശ്ശേരി മഠത്തുംഭാഗത്തെ വിനായകയില്‍ വിനീത(54)ആണ് മരിച്ചത്. കൂടെ ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന വിനീതയുടെ മകന്‍ റനീഷ്(26), വിനീതയുടെ സഹോദരി ജീജ(42), ഓട്ടോ ഡ്രൈവര്‍ ചാലക്കരയിലെ മുഹമ്മദ് സിദ്ധിഖ്(35) എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ ജീജയെയും കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്നു വിനീതയും മകനും. തലശ്ശേരിയില്‍ നിന്നും ഓട്ടോറിക്ഷയില്‍ മഠത്തുംഭാഗത്തേക്കുള്ള യാത്രക്കിടയിലാണ് കൊളശ്ശേരിയില്‍ വെച്ച് അപകടം നടന്നത്. കെ.എന്‍.07.സി.ബി.9875 നമ്പര്‍ പിക്കപ്പ് വാനാണ് കെ.എല്‍ 58 എല്‍ 9694 നമ്പര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ചത്. രവീന്ദ്രനാണ് വിനീതയുടെ ഭര്‍ത്താവ്: മറ്റു മക്കള്‍: റിജു, റിയ.
















