കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭ സമിതി നടത്തുന്ന സമരം 16 ദിവസം പിന്നിട്ടു. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് നിരാഹാരമിരിക്കുന്ന ജയ്‌സണ്‍ ഡൊമിനിക്കിനെ പോലീസ് അറസ്റ്റ് ചെയ്ത് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പകരം കോണ്‍ഗ്രസ് കേളകം മണ്ഡലം സെക്രട്ടറിയും ഒരുലക്ഷം യുവ കര്‍ഷക സമിതി ജില്ലാ സെക്രട്ടറിയുമായ ജോണി പാമ്പാടിയില്‍ നിരാഹാര സമരം ആരംഭിച്ചു.
പതിനാറ് ദിവസം പിന്നിടുന്ന നിരാഹാര സമരത്തിന് പിന്തുണയേറുകയാണ്. യുവമോര്‍ച്ചയുടെ സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴി, ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍, സി.സി.രതീഷ്, വിജയന്‍ മാങ്ങാട് എന്നിവര്‍ പന്തല്‍ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡണ്ട് പി.ബി.എം.ഫാര്‍മിസ്, എഫ്‌ഐടിയു സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി എന്നിവരും പിന്തുണയുമായി പന്തലിലെത്തി.
ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സി.ആര്‍.നീലകണ്ഠന്റെ നേതൃത്വത്തില്‍ പാര്‍ട്ടി സംസ്ഥാന-ജില്ലാ നേതാക്കള്‍ പന്തലിലേക്ക് ഐക്യദാര്‍ഢ്യ പ്രകടനം നടത്തി. സ്വീകരണങ്ങള്‍ക്കു പ്രക്ഷോഭ സമിതി ജനറല്‍ കണ്‍വീനര്‍ ഡോ.ഡി.സുരേന്ദ്രനാഥ്, അഡ്വ.വിനോദ് പയ്യട, ടി.ചന്ദ്രന്‍, പി.പി.അബൂബക്കര്‍, അഡ്വ.സി.വി.നാരായണന്‍, മേരി അബ്രഹാം, സൗമി ഇസ്‌ബെല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
















