പാനൂര്‍: പി.ജയരാജന്റെ ജാമ്യഹര്‍ജിയില്‍ തലശേരി സെഷന്‍സ് കോടതി ഇന്നു വിധിപറയും. കതിരൂര്‍ മനോജ് വധകേസില്‍ പ്രതിയായ സിപിഎം ജില്ലാസെക്രട്ടറി ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയിന്‍മേല്‍ കഴിഞ്ഞ ദിവസം വാദം പൂര്‍ത്തിയായിരുന്നു. സിബിഐ രാഷ്‌ട്രീയ പ്രേരിതമായി കേസില്‍പ്പെടുത്തിയിരിക്കുകയാണെന്നും, തനിക്കെതിരെ യാതൊരു തെളിവും ഹാജരാക്കാന്‍ അന്വേഷണസംഘത്തിനു ഇതുവരെ സാധിച്ചിട്ടില്ലായെന്നും ജയരാജന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ആസൂത്രണത്തിലും, പ്രതികളെ സഹായിക്കുന്നതിലും മുഖ്യപങ്കു വഹിച്ച പി.ജയരാജനെതിരെ യുഎപിഎ (43ഡി) പ്രകാരമാണ് സിബിഐ കേസെടുത്തിട്ടുളളത്. കൂടുതല്‍ ചോദ്യം ചെയ്താല്‍ മാത്രമെ തെളിവു ഹാജരാക്കാന്‍ പറ്റൂവെന്ന നിലപാടാണ് സിബിഐ പ്രോസിക്യൂട്ടര്‍ എസ്.കൃഷ്ണകുമാര്‍ കോടതിയെ അറിയിച്ചത്. കേസില്‍ പ്രതിയായി കോടതിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ച ശേഷം ജയരാജന്‍ പാര്‍ട്ടി നിയന്ത്രണത്തിലുളള കണ്ണൂരിലെ എകെജി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇന്നത്തെ കോടതി വിധിയ്‌ക്കു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് സിബിഐ തീരുമാനം.
















