മൂലമറ്റം: ശക്തമായ കാറ്റില്‍ മൂലമറ്റം ഫയര്‍ഫോഴ്‌സിന്റെ ഗ്യാരേജ് തകര്‍ന്നു. അപകടത്തില്‍ ആളപായമില്ല. ഇന്നലെ രാവിലെ 8.30 ഓടെ വീശിയടിച്ച കാറ്റിലാണ് ഗ്യാരേജിന്റെ മേല്‍ക്കൂര തകര്‍ന്നത്. മൂലമറ്റം കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തായി പ്രവര്‍ത്തിക്ക ുന്ന ഫയര്‍ഫോഴ്‌സിന്റെ ഗ്യാരേജിനാണ് നാശം സംഭവിച്ചത്. ഏകദേശം അരലക്ഷത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. മേല്‍ക്കൂര പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങള്‍ ഗ്രൗണ്ടിലാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. അതേസമയം നിര്‍മ്മാണത്തിലെ അപാകതയാണ് ഗ്യാരേജ് തകരാന്‍ കാരണമായതെന്ന് ആക്ഷേപം ശക്തമാവുകയാണ്. കെഎസ്ഇബി അനുവദിച്ച 5 സെന്റ് ഭൂമിയിലാണ് 2014 ഫെബ്രുവരിമാസം ഇവിടെ ഫയര്‍ഫോഴ്‌സ് യൂണിറ്റ് ആരംഭിക്കുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായി രണ്ട് വര്‍ഷം കഴിയുന്നതിന് മുമ്പ് ഗ്യാരേജ് തകര്‍ന്നത് നിര്‍മ്മാണത്തിലെ അപാകത ഒന്നുകൊണ്ട് മാത്രമാണ്. പലയിടങ്ങളിലും കേരവള്ളി ഉപയോഗിച്ചാണ് ഗ്യാരേജിന്റെ മേല്‍ക്കൂര കെട്ടിനിര്‍ത്തിയിരുന്നത്. മഴ പെയ്യുമ്പോള്‍ ഗ്യാരേജ് പൂര്‍ണ്ണമായും ചോര്‍ന്നൊലിച്ചിരുന്നു. പഞ്ചായത്ത് യഥാവിധി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതാണ് ഗ്യാരേജ് തകരാന്‍ കാരണമായത്. സമീപത്തായി ഫയര്‍ഫോഴ്‌സ് യൂണിറ്റ് ആരംഭിക്കുന്നതിനായി സ്ഥലം അനുവദിച്ചെങ്കിലും നിര്‍മ്മാണം എങ്ങും എത്തിയിട്ടില്ല. സ്വന്തമായി രണ്ട് എംറ്റിബിയും ഒരു ആംബുലന്‍സും ഒരു ജീപ്പുമുള്ള യൂണിറ്റില്‍ വരും നാളുകളില്‍ വാഹനം എവിടെ പാര്‍ക്ക് ചെയ്യുമെന്ന് അറിയാതെ കുഴങ്ങുകയാണ് അധികൃതര്‍. പ്രദേശത്ത് ഇന്നലെ ശക്തമായ കാറ്റാണ് അനുഭവപ്പെട്ടത്. നിരവധി ചെറുമരങ്ങള്‍ കടപുഴകി. വിവിധ സ്ഥലങ്ങളില്‍ മരം വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.
















