ഹാമില്‍ട്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ ലങ്ക 7 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെടുത്തിട്ടുണ്ട്. 63 റണ്‍സുമായി ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും റണ്ണൊന്നുമെടുക്കാതെ ചമരവീരയും ക്രീസില്‍. മഴ തടസ്സപ്പെടുത്തിയ ആദ്യദിനത്തില്‍ 67 ഓവര്‍ മാത്രമാണ് കളിനടന്നത്.
ടോസ് നേടിയ ന്യൂസിലാന്‍ഡ് ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. സ്‌കോര്‍ 44 റണ്‍സായപ്പോഴേക്കും ഓപ്പണര്‍മാരായ കരുണരത്‌നയെയും (12), മെന്‍ഡിസിനെയും (31) നഷ്ടപ്പെട്ട് ശ്രീലങ്ക തകര്‍ച്ചയിലായിരുന്നു. പിന്നീട് മൂന്നാം വിക്കറ്റില്‍ ജയസുന്ദരെയും ചണ്ഡിമലും ചേര്‍ന്ന് സ്‌കോര്‍ 115-ല്‍ എത്തിച്ചു. എന്നാല്‍ 26 റണ്‍സെടുത്ത ജയസുന്ദരെ റണ്ണൗട്ടായി മടങ്ങിയതോടെ ലങ്ക വീണ്ടും തകര്‍ച്ചയിലേക്ക് നീങ്ങി. സ്‌കോര്‍ 121-ല്‍ എത്തിയപ്പോള്‍ ചണ്ഡിമലും (47) മടങ്ങി. പിന്നീട് അഞ്ചാം വിക്കറ്റില്‍ മാത്യൂസും സിരിവര്‍ദ്ധനെയും ചേര്‍ന്നാണ് സിംഹളരെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്.
അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 259-ല്‍ എത്തിയപ്പോള്‍ 62 റണ്‍സെടുത്ത സിരിവര്‍ദ്ധനെ മടങ്ങി. ഇതേ സ്‌കോറില്‍ തന്നെ റണ്ണൊന്നുമെടുക്കാതെ വിതംഗയും സ്‌കോര്‍ബോര്‍ഡില്‍ 264 റണ്‍സായപ്പോള്‍ നാല് റണ്‍സെടുത്ത ഹെറാത്തും മടങ്ങി. ന്യൂസിലാന്‍ഡിന് വേണ്ടി ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി. ബ്രേയ്‌സ്‌വെല്‍ ഒരു വിക്കറ്റ് നേടി. ഹെറാത്തും ജയസുന്ദരയും റണ്‍ഔട്ടായി.
















