ബെംഗളൂരു: കര്‍ണാടകക്കെതിരായ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് നാണം കെട്ട പരാജയം. ഇന്നലെ എം. ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന് കര്‍ണാടക കേരളത്തെ തകര്‍ത്തെറിഞ്ഞു. ആദ്യം ബാറ്റ് ചെയ്ത കേരളത്തെ 22 ഓവറില്‍ വെറും 49 റണ്‍സിന് എറിഞ്ഞിട്ട കര്‍ണാടക 5.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 51 റണ്‍സ് നേടിയാണ് ഒമ്പത് വിക്കറ്റിന്റെ വിജയം കരസ്ഥമാക്കിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കേരളത്തെ ശ്രേയസ് ഗോപാലിന്റെ തകര്‍പ്പന്‍ ബൗളിങാണ് തകര്‍ത്തത്. അഞ്ച് ഓവറില്‍ വെറും 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത ലെഗ്‌സ്പിന്നര്‍ ഗോപാല്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്‌ത്തി. കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം. രണ്ട് പേര്‍ മാത്രം രണ്ടക്കം കടന്ന കേരള നിരയില്‍ 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയാണ് ടോപ് സ്‌േകാറര്‍. സുരേന്ദ്രന്‍ 11 റണ്‍സുമെടുത്തു.
വി.എ. ജഗദീഷ്, സഞ്ജു വി. സാംസണ്‍, പി. പ്രശാന്ത്, സന്ദീപ് വാര്യര്‍ എന്നിവര്‍ പൂജ്യരായി മടങ്ങിയപ്പോള്‍ രോഹന്‍ പ്രേം (2), മോഹന്‍ അക്ഷയ് (5), ഫാബിദ് അഹമ്മദ് (1), നിസാര്‍ നിയാസ് (5) എന്നിവരും ബാറ്റിങില്‍ തീര്‍ത്തും പരാജയപ്പെട്ടു. 9 റണ്‍സുമായി മനുകൃഷ്ണന്‍ പുറത്താകാതെ നിന്നു. ശ്രേയസ് ഗോപാലിന് പുറമെ വിനയ് കുമാര്‍, അരവിന്ദ് എന്നിവര്‍ രണ്ടും അഭിമന്യു മിഥുന്‍ ഒരു വിക്കറ്റും വീഴ്‌ത്തി.
ചെറിയ ലക്ഷ്യത്തെ പിന്തുടര്‍ന്ന് മറുപടി ബാറ്റിങിനിറങ്ങിയ കര്‍ണാടകയുടെ ആദ്യ വിക്കറ്റ് സ്‌കോര്‍ 6 റണ്‍സ് മാത്രമുള്ളപ്പോള്‍ വീണു. അഞ്ച് റണ്‍സെടുത്ത മയാങ്ക് അഗര്‍വാളിനെ മനുകൃഷ്ണന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. എന്നാല്‍ ലോകേഷ് രാഹുലും (10 പന്തില്‍ 19), കരുണ്‍ നായരും (19 പന്തില്‍ 24) ചേര്‍ന്ന് 5.5 ഓവറില്‍ 51 റണ്‍സെടുത്ത് കര്‍ണാടകയെ വിജയത്തിലേക്ക് നയിച്ചു. പരാജയത്തോടെ കേരളത്തിന്റെ നോക്കൗട്ട് പ്രതീക്ഷകള്‍ക്കും വിരാമമായി. അഞ്ച് മത്സരങ്ങള്‍ കളിച്ച കേരളം രണ്ട് വിജയവും മൂന്ന് പരാജയവുമടക്കം എട്ട് പോയിന്റുമായി ആറാം സ്ഥാനത്താണ്. വിജയത്തോടെ കര്‍ണാടക 12 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.
















