ന്യൂദല്‍ഹി: ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണിന്റെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ തന്നെ ഏറെ പരീക്ഷിച്ച മധ്യനിര ബാറ്റ്‌സ്മാന്‍ വി.വി.എസ്. ലക്ഷ്മണ്‍ പന്ത്രണ്ടാമന്‍. ആറാം നമ്പറില്‍ മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീനെയും ലക്ഷ്മണിനെയും പരിഗണിച്ച വോണ്‍ ഒടുവില്‍ അസ്ഹറുദ്ദീനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയെങ്കിലും, ലക്ഷ്മണിന്റെ പ്രതിഭയെ കണാതിരിക്കാനായില്ല. ആറാം നമ്പറിലെ തെരഞ്ഞെടുപ്പാണ് ഏറെ പരീക്ഷിച്ചതെന്നു വോണ്‍ പറഞ്ഞു.
ഓപ്പണര്‍ സ്ഥാനത്ത് വീരേന്ദര്‍ സെവാഗിന്റെ പങ്കാളി നവജ്യോത് സിങ് സിധു. മൂന്നാം നമ്പറില്‍ ദ്രാവിഡ് എത്തുമ്പോള്‍ നാലാമനായി സച്ചിനും അഞ്ചാമനായി ഗാംഗുലിയും എത്തും. വിക്കറ്റ് കീപ്പറായി എം.എസ്. ധോണി. തനിക്കൊപ്പം ടെസ്റ്റില്‍ കളിച്ചിട്ടില്ലെങ്കിലും ധോണി തന്നെയാണ് ആ സ്ഥാനത്ത് അനുയോജ്യനെന്ന് വോണ്‍ കരുതുന്നു. കപില്‍ ദേവ് നേതൃത്വം നല്‍കുന്ന ബൗളിങ് നിരയില്‍ അനില്‍ കുംബ്ലെ, ഹര്‍ഭജന്‍ സിങ്, ജവഗല്‍ ശ്രീനാഥ് എന്നിവരുണ്ട്.
















