ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് തകര്‍പ്പന്‍ വിജയം. ജമ്മുകശ്മീരിനെതിരെ ഏഴ് വിക്കറ്റുകളുടെ വിജയമാണ് കേരളം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീര്‍ 42.3 ഓവറില്‍ 130 റണ്‍സിന് എല്ലാവരും പുറത്തായി. കേരളം 29.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. പുറത്താകാതെ 85 റണ്‍സെടുത്ത ഓപ്പണര്‍ നിഖിലേഷ് സുരേന്ദ്രന്റെ തകര്‍പ്പന്‍ ബാറ്റിങാണ് കേരത്തിന് വിജയം സമ്മാനിച്ചത്. വിജയ് ഹസാരെ ട്രോഫിയിലെ കേരളത്തിന്റ രണ്ടാം ജയമാണിത്.
സ്‌കോര്‍ ചുരുക്കത്തില്‍: ജമ്മു കശ്മീര്‍ 42.3 ഓവറില്‍ 130 ഓള്‍ഔട്ട്. കേരളം 29.5 ഓവറില്‍ മൂന്നിന് 134.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരള ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തീരുമാനം ശരിവെക്കുന്നതായിരുന്നു ബൗളര്‍മാരുടെ പ്രകടനം. ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ തന്നെ ജമ്മു ഓപ്പണര്‍ ശുഭം ഖജുരിയുടെ (0) വിക്കറ്റ് വീഴ്‌ത്തി സന്ദീപ് വാര്യര്‍ ജമ്മുകശ്മീരിനു ആദ്യ പ്രഹരമേല്‍പ്പിച്ചു. തൊട്ടുപിന്നാലെ ആസിഫ് റസൂല്‍ (0) റണ്‍ ഔട്ടായത് കശ്മീരിനു ഇരട്ട പ്രഹരമായി. ജമ്മു കശ്മിരിന്റെ ബാറ്റസ്മാന്‍മാര്‍ക്കാര്‍ക്കും കാര്യമായൊന്നും ചെയ്യാനായില്ല.
31 റണ്‍ നേടിയ ബന്‍ദീപ് സിങ്ങാണ് ജമ്മു കശ്മീരിന്റെ ടോപ്പ് സ്‌കോറര്‍. സഹൂര്‍ സോഫി 25ഉം അമിര്‍ സോഫി 21ഉം റണ്‍സ് നേടി ഭേദപ്പെട്ട പ്രകടനം നടത്തി. കേരളത്തിനായി ഫബിദ് അഹമ്മദ് മൂന്നും, പ്രശാന്ത് പത്മനാഭന്‍, നിയാസ് നിസാര്‍ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടി ബാറ്റിങ് തുടങ്ങിയ കേരളം നിഖിലേഷ് സുരേന്ദ്രന്റെ (90 പന്തില്‍ 85 നോട്ടൗട്ട്) മികവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. വി.എ. ജഗദീഷ്(20) സഞ്ചു സാംസണ്‍ (4) റോഹന്‍ പ്രേം (17) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. കേരളത്തിന്റെ മൂന്ന് വിക്കറ്റുകളും വീഴ്‌ത്തിയ പര്‍വേസ് റസൂലാണ്.
















