ആലക്കോട്: വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ട് വഴിവാണിഭം നടത്തുന്നതിനെ ചൊല്ലി ടൗണില്‍ വ്യാപാരികളും വഴിവാണിഭക്കാരും തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. നാരങ്ങ, തുണിത്തരങ്ങള്‍ തുടങ്ങിയവയൊക്കെ ഓട്ടോറിക്ഷകളിലും മറ്റും വില്‍പ്പന നടത്തുന്ന സംഘം മിക്ക ടൗണുകളിലും വ്യാപകമാണ്. വ്യാപാരസ്ഥാപനങ്ങളുടെ മുന്നില്‍വെച്ചു തന്നെ ഇത്തരം വഴിവാണിഭങ്ങള്‍ നടക്കുന്നത് വ്യാപാരി സ്ഥാപനങ്ങളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് വ്യാപാരികള്‍ കഴിഞ്ഞദിവസം വഴിവാണിഭക്കാരെ തടഞ്ഞിരുന്നുവെങ്കിലും ഇന്നലെ വീണ്ടും കച്ചവടം തുടങ്ങിയപ്പോള്‍ വ്യാപാരികള്‍ തടഞ്ഞതാണ് സംഘര്‍ഷാവസ്ഥക്ക് കാരണമായത്. വ്യാപാരികള്‍ സംഘടിച്ച് രംഗത്ത് വന്ന് വഴിവാണിഭക്കാരെ തടഞ്ഞപ്പോള്‍ വ്യാപാരികള്‍ക്കെതിരെ പ്രതിഷേധവുമായി ടൗണിലെ ഒരുവിഭാഗം ഡ്രൈവര്‍മാര്‍ രംഗത്തെത്തുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. അധികൃതരുടെ അനാസ്ഥക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് വ്യാപാരികളുടെ തീരുമാനം.
















