ഹരിപ്പാട്: കേന്ദ്രസര്‍ക്കാര്‍ പോസ്റ്റ് ഓഫീസുകളിലൂടെ പെണ്‍കുട്ടികളുടെ സാമ്പത്തിക ഉന്നമനത്തിനായി ആവിഷ്‌ക്കരിച്ച സുകന്യ സമൃദ്ധിയോജന പദ്ധതി അട്ടിമറിക്കാന്‍ ശ്രമിക്കുന്ന കരുവാറ്റ പോസ്റ്റുമാസ്റ്റര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ.സോമന്‍ ആവശ്യപ്പെട്ടു.
പദ്ധതിയില്‍ അംഗമാകുന്നതിനായി കഴിഞ്ഞ ദിവസം പോസ്റ്റോഫീസില്‍ എത്തിയ മാതാപിതാക്കളോട് ഇതില്‍ പണമടച്ചാല്‍ നൂലാമാലയാണെന്നും കേന്ദ്രഗവണ്‍മെന്റ് മാറിയാല്‍ നിങ്ങള്‍ക്കിതിന്റെ ആനുകൂല്യം ലഭിക്കില്ലെന്നും പറഞ്ഞ് പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച കരുവാറ്റ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കരുവാറ്റ പോസ്റ്റോഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാരിന്റെ ജനോപകാരപ്രദമായ പദ്ധതിയുടെ നടത്തിപ്പിനെ തള്ളിപ്പറഞ്ഞുകൊണ്ട് സര്‍ക്കാരിനെ അവഹേളിക്കുന്ന നടപടിയാണ് പോസ്റ്റുമാസ്റ്റര്‍ നടത്തിവരുന്നത്. പോസ്റ്റുമാസ്റ്ററുടെ തസ്തികയില്‍ ഇരുന്നുകൊണ്ട് ജനവിരുദ്ധ നയങ്ങള്‍ സ്വീകരിക്കുന്ന ഇദ്ദേഹത്തിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും കെ.സോമന്‍ ആവശ്യപ്പെട്ടു.
മഹിള മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശാന്തകുമാരി, ബിജെപി നിയോജക മണ്ഡലം സെക്രട്ടറി എസ്. വിശ്വനാഥ്, യുവമോര്‍ച്ച നേതാക്കളായ ഹര്‍ഷന്‍, ഷാജി കരുവാറ്റ, ജെ. ദിലീപ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















