കോട്ടക്കല്‍ ചന്ദ്രശേഖര വാരിയരാശാന്‍ എഴുപതിന്റെ നിറവില്‍. അരങ്ങില്‍ എല്ലാ വേഷങ്ങളും ഒരുപോലെ ഭംഗിയാക്കിത്തീര്ക്കാന് കെല്‍പ്പുള്ള മഹാനടന്.കത്തിവേഷങ്ങളാവട്ടെ ഏറെ പ്രസിദ്ധം. പച്ചയും മിനുക്കും ഒട്ടും മോശവുമല്ല.
ഏറെ വര്‍ഷത്തെ അഭ്യാസബലവും അരങ്ങില്‍നിന്ന് കൈവന്ന സിദ്ധിയാലും ഏതരങ്ങിലും ശേഖരവാരിയര്ക്ക് മാന്യമായ സ്ഥാനമുണ്ട്. കലാമണ്ഡലം കൃഷ്ണന് നായര്‍ക്കുശേഷം ഇത്രയേറെ പൊലിമയാര്‍ന്ന കഥകളി വേഷം ചെയ്തൊരാള്‍ വേറെയുണ്ടാവില്ല.
ശ്രദ്ധാപൂര്‍വമായ ആട്ടത്തിന്റെ ഭംഗിയാല്‍, മനോധര്‍മത്തിന്റെ പ്രവാഹത്താല്‍ ഇദ്ദേഹം വേറിട്ടുനില്ക്കുന്നു. പിഎസ്വി നാട്യസംഘത്തില്‍ നിന്നും വളര്‍ന്ന്, വലിയ ശിഷ്യ സമ്പത്തും ആര്‍ജിച്ച് തെക്കും വടക്കുമുള്ള അരങ്ങുകളില്‍ വിളങ്ങിനില്‍ക്കുകയാണ് ഇദ്ദേഹം. മുദ്രയുടെ വൃത്തി, അലര്‍ച്ചയുടെ മുഴക്കം തെളിഞ്ഞുനില്ക്കുന്ന ആഹാര്യത്തിലെ മികവ് എന്നിവയാലെല്ലാം ഇദ്ദേഹത്തിലെ കലാകാരന് സമ്പന്നനാണ്. വീരരസം തുളുമ്പി നില്ക്കുന്ന മഹാരാജ വേഷങ്ങള്‍ ഇദ്ദേഹത്തില്‍ ഭദ്രമാണ്.
അണിയറയിലും അരങ്ങിലും പുലര്‍ത്തുന്ന മാന്യതയും ഒരു കലാകാരന് വേണ്ട സദ്ഗുണ ശീലങ്ങളും ഒരാളില്‍ നിക്ഷിപ്തമാവുക അപൂര്‍വമാണ്. സുലഭമായ സമയം കൈവശമുണ്ടെങ്കില്‍ ആട്ടത്തില്‍ ഒട്ടേറെ പുതുമകള്‍ വരുത്തി അരങ്ങിനെ മുഷിപ്പിക്കാതെ ശ്രദ്ധിക്കുവാന്‍ ഈ കലാകാരന് അഗ്രഗണ്യനാണ്. നിരവധി കഥകള്‍ അരങ്ങില്‍ പുതുതായി ചിട്ടപ്പെടുത്തിയെടുക്കുവാന്‍ ചന്ദ്രശേഖരന് സാധിച്ചിട്ടുണ്ട്. ആകാര സൗന്ദര്യം കൊണ്ടും ഇരുത്തംവന്ന പെരുമാറ്റം കൊണ്ടും ഇദ്ദേഹത്തിന്റെ ശ്രീത്വം വളരുകയായിരുന്നു.
നാട്യധര്‍മിയും ലോകധര്‍മിയും തുടങ്ങി പ്രധാന വേഷങ്ങളേതും ഭംഗിയാക്കിയെടുക്കുവാന് ഇന്നും കഠിനപ്രയത്നത്തില്‍ തന്നെയാണീയാശാന്. ഒന്നിലേറെ വീരശൃംഖലകള്‍ ലഭിച്ചവര്‍ കുറയും. അക്കൂട്ടത്തില്‍ ഉയര്‍ന്നനിലയിലുള്ള ഇദ്ദേഹം കലാമണ്ഡലത്തിന്റെയും കേന്ദ്രസംഗീതനാടക അക്കാദമിയുടേതുമടക്കം ഒട്ടേറെ പുരസ്കാരങ്ങള്‍ ചന്ദ്രശേഖര വാരിയര്‍ക്കു ലഭിച്ചിട്ടുണ്ട്. എല്ലാത്തരം വേഷവും കെട്ടിയാടുന്നവരെ വേറെയും കണ്ടേക്കാമെങ്കിലും ചന്ദ്രശേഖര വാരിയരുടെ നിറവ് അധികം ആര്‍ക്കും ഉണ്ടാവില്ല.
എഴുപതിന്റെ വിശാലതയില്‍ എത്തിനില്‍ക്കുമ്പോഴും അരങ്ങുകള്‍ ആശാനെ തേടി എത്തുകയാണ്. നിരവധി വര്‍ഷം കോട്ടക്കല്‍ പിഎസ്വി നാട്യസംഘത്തിലെ അമരക്കാരനും മുഖ്യ അധ്യാപകനുമായിട്ടാണ് വിരമിച്ചത്. സര്വവേദികളിലും ഒരുപോലെ ആസ്വാദകരുള്ള ചന്ദ്രശേഖരവാരിയര്‍ കലാശേഖരന് കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: