സര്‍പ്പദോഷം തീരേണം, രാഹൂര്‍ദോഷം തീരേണം… പുള്ളവ വീണയുടെ താളത്തിനനുസരിച്ച് ഉയരുന്ന ഈ പാട്ട് കൊട്ടാരക്കര മഹാഗണപതിക്ഷേത്രാങ്കണത്തില്‍ മുഴങ്ങാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. ക്ഷേത്രശ്രീകോവില്‍ രാവിലെ 4.30ന് തുറന്ന് കഴിഞ്ഞാല്‍ തണുപ്പും മഞ്ഞും വകവെക്കാതെ വിറയാര്‍ന്ന ചുണ്ടുകളില്‍ പുള്ളുവ സംഗീതവുമായി ഭക്തരുടെ ദോഷമകറ്റാന്‍ പാട്ടുപാടാന്‍ എണ്‍പ്പത്തിഅഞ്ചാം വയസിലും കല്ല്യാണി തന്റെ പുള്ളുവ വീണയുമായി സര്‍പ്പകാവിന് മുന്നില്‍ റെഡിയാണ്.
സ്ഥിരം ഭക്തര്‍ സമീപത്തെത്തുകയേവേണ്ടൂ കല്ല്യാണിയുടെ വീണ പാടിത്തുടങ്ങും. അതാണ് അരനൂറ്റാണ്ടായി ഭക്തരും കല്ല്യാണിയും തമ്മിലുള്ള ബന്ധം. കൊല്ലം ജില്ലയിലെ എഴുകോണ്‍ ഇടക്കിടം പുഷ്പാംഗദ ഭവനത്തില്‍ നിന്ന് അന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭര്‍ത്താവിനൊപ്പം പാട്ട്പാടാന്‍ കല്ല്യാണി ഇവിടെയെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം എട്ട് മക്കള്‍ അടങ്ങുന്ന കുടുംബത്തിന്റെ അന്നത്തിനും പാരമ്പര്യം നിലനിര്‍ത്താനും സ്ഥിരമായി പാടിത്തുടങ്ങി. സ്ത്രീകള്‍ അധികം കടന്നുവരാത്ത മേഖലയായിരുന്നു അന്നൊക്കെ ഇതെങ്കിലും ആരെയും കൂസാതെ കല്ല്യാണി ക്ഷേത്രനടയില്‍ എത്തി തന്റെ കര്‍ത്തവ്യം ഭംഗിയായി നിറവേറ്റി. പ്രായം 85 ആയെങ്കിലും ഇന്നും ആ നിഷ്ഠ തെറ്റിച്ചിട്ടില്ല.
കുളികഴിഞ്ഞ് നെറ്റിയില്‍ ഭസ്മവും ചാര്‍ത്തി കൈയില്‍ വീണയുമായി ക്ഷേത്രത്തില്‍ എത്തികഴിഞ്ഞാല്‍ പിന്നെ പ്രായവും അവശതയും ഒന്നും പ്രശ്‌നമല്ല. ഉച്ചക്ക് 12 മണിവരെയും ഇവിടെയുണ്ടാകും. പ്രായത്തിന്റെതായ അവശതകള്‍ ചെറിയ തോതില്‍ അലട്ടിതുടങ്ങിയപ്പോള്‍ ട്യൂട്ടോറിയല്‍ കോളേജില്‍ അദ്ധ്യാപനായിരുന്ന എംഎ ബിരുദധാരിയായ മകന്‍ പുഷ്പാംഗദനേയും ഒപ്പം കൂട്ടി. രണ്ട് പേരും കൂടിയാണ് ഇപ്പോള്‍ പാടാന്‍ എത്തുന്നത്.
പാരമ്പര്യം നിലനിര്‍ത്താന്‍ ട്യുട്ടോറിയല്‍ കോളേജ് ഉപേക്ഷിച്ച് അമ്മക്കൊപ്പം കൂടുകയായിരുന്നുവെന്ന് പുഷ്പാഗംദന്‍ പറയുന്നു. ഒരു പാട്ടിന് പത്ത് രൂപയാണ് പ്രതിഫലമായി ലഭിക്കുന്നത്. പ്രതിഫലം ലഭിച്ചില്ലങ്കിലും പാട്ടിന് കുറവില്ലതാനും.
നാരദന്റെ പിന്‍തലമുറക്കാരാണ് ഞങ്ങളെന്ന് പുള്ളവന്‍മാര്‍ വിശ്വസിക്കുന്നതെന്ന് കല്ല്യാണി പറയുന്നു.കലര്‍പ്പ് ചേരാത്ത ഗോത്രത്തനിമയുടെ പാട്ടാണ് പുള്ളുവന്‍പാട്ട്. ചില പ്രചീന രാഗഛായകളുള്ള കരുണാര്‍ദ്രമായ സംഗീതം. ഇത് ഇന്നും വാമൊഴിയാണ് കൂടുതല്‍ പേരും പഠിക്കുന്നത്. താനും അങ്ങനെ തന്നെയാണ് പഠിച്ചതും ഈ രംഗത്തുള്ള ഏഴ് മക്കളെ പഠിപ്പിച്ചതും. ക്ഷേത്രചടങ്ങുകള്‍ക്കും, സര്‍പ്പംതുള്ളലിനും മറ്റും വ്രതാനുഷ്ഠാനങ്ങള്‍ നിര്‍ബന്ധമാണ്. ഒരു ദിവസത്തെ ചടങ്ങിന് മൂന്ന് ദിവസത്തെ നോമ്പ് എന്നതാണ് കണക്ക്. കളമെഴുത്തിന് അരിപ്പൊടി, മഞ്ഞള്‍പ്പൊടി, ഉമിക്കരിപ്പൊടി, മാടോട്‌പ്പൊടി, പച്ചമഞ്ചാടിയിലപ്പൊടി എന്നിവയാണ് ഉപയോഗിക്കുന്നത്.
പുള്ളുവവീണ, പുള്ളുവകുടം,പുള്ളുവമിഴാവ്, കൈമണി എന്നിവയാണ് ഉപയോഗിക്കുന്നത്. തെക്കോട്ട് അധികവും പുള്ളുവ വീണയാണങ്കിലും ചിലയിടങ്ങളില്‍ മാറ്റമുണ്ട്. വാദ്യോപകരണങ്ങള്‍. പ്ലാവിലോ, ചീലാന്തിയിലോ (പൂവരശ്) പണിഞ്ഞും കടഞ്ഞും നിര്‍മ്മിക്കുന്ന വൃത്താകാരത്തിലുള്ള മരവിയും ഏക ഫണവുമുള്ള പിടിയുമാണ് വീണയുടെ പ്രധാന ഭാഗങ്ങള്‍. മരവി ഉടുമ്പിന്‍ തോല്‍ പൊതിഞ്ഞ് പീഞ്ഞാവള്ളിയുടെ (കീന്തല്‍)വേരിനുള്ളിലെ നാര് കമ്പിയായി കെട്ടും.
മുളവില്ല് കൊണ്ടാണ് വായിക്കുക. മുളന്തണ്ടും ചിരട്ടയും കാട്ടുവള്ളിയും കൊണ്ടും വീണ ഉണ്ടാക്കാറുണ്ട്. മണ്‍കുടത്തിന്റെ ചുവട് ഭാഗം വൃത്താകാരത്തില്‍ പൊട്ടിച്ച് ഉടുമ്പിന്‍ തോലോ, കാളത്തോലോ പൊതിഞ്ഞ് അതിനു മീതെ പനങ്കണ്ണി (പനനാര്) കെട്ടി ഉറപ്പിച്ചാണ് പുള്ളവക്കുടം ഉണ്ടാക്കുക. വലിയ കുടത്തിന് മീതെ തോല്‍ കെട്ടിയ മിഴാവും ചിലര്‍ ഉപയോഗിക്കുന്നു. പ്രചീന ഗോത്രസ്മൃതി ഉണര്‍ത്തുന്ന നാഗാരാധനയുടെ ഭാഗമായ കളമെഴുത്തും പുള്ളുവന്‍ പാട്ടും ജീവിതമാര്‍ഗ്ഗമായും പാരമ്പര്യമായും നിലനിര്‍ത്തുന്നതില്‍ അഭിമാനമുണ്ടന്നാണ് ഈ മുത്തശ്ശി പറയുന്നത്.
എന്നാല്‍ പാരമ്പര്യമായി കുടുബങ്ങള്‍ക്ക് നല്‍കിയിട്ടുള്ള ക്ഷേത്രങ്ങളില്‍ പോലും അനധികൃത സ്വാധീനം ഉപയോഗിച്ച് കടന്നുകയറാന്‍ ശ്രമിക്കുന്നവര്‍ ഭീഷണി സൃഷ്ടിക്കുന്നതില്‍ ഇവര്‍ ഖിന്നയാണ്. ഇത് ഒരു വരുമാന മാര്‍ഗ്ഗം മാത്രമല്ല. ഉപാസനയാണന്നാണ് കല്യാണി പറയുന്നത്. ജീവിതാവസാനംവരെയും ഭക്തരുടെ ദോഷമകറ്റാന്‍ വീണമീട്ടണമെന്നാണ് ആഗ്രഹം.
ദോഷങ്ങള്‍ അകന്ന് ഭാഗ്യം സിദ്ധിച്ച നൂറായിരം കുടുബങ്ങളുടെ പുഞ്ചിരി ഇന്നും തന്റെ മുന്നിലുണ്ടന്ന് പറഞ്ഞ് മുത്തശ്ശി വീണ്ടും പാടിതുടങ്ങി വെട്ടിക്കോട്ട് നാഗരാജനും മണ്ണാറ ശാല നാഗയക്ഷിയമ്മയും കേട്ട് പ്രസാദമുണ്ടാകണം ഈ സന്തതിക്ക്… ദുഃഖങ്ങള്‍ തീരണേ ദുരിതങ്ങള്‍ തീരണേ തീരാതെയുള്ള മഹാവ്യാധികള്‍ തീരണേ…
















