മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവള റണ്‍വേ നീട്ടുന്നതിനായി കാനാട് ഭാഗത്തു നിന്ന് സ്ഥലം ഏറ്റെടുക്കുന്നതിരെ തുടര്‍പ്രക്ഷോഭം നടത്തുമെന്ന് കാനാട് കോളിപ്പാലം കര്‍മ്മസമിതി ഭാരവാഹികള് പത്രസമ്മേളനത്തില്‍ പറഞ്ഞു. കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ സ്ഥലം വിട്ടുനല്‍കാന്‍ സമ്മതിച്ചുവെന്ന രീതിയില്‍ വന്ന വാര്‍ത്ത തെറ്റാണ്. യോഗത്തില്‍ നിന്ന് ഭാരവാഹികള്‍ ഇറങ്ങിപ്പോവുകയാണ് ചെയ്തത്. കല്ലേരിക്കരയില്‍ 7.16 എക്കര്‍ മാത്രം സ്ഥലം ഏറ്റെടുക്കുകയും ബാക്കി 68 ഏക്കര്‍ കാനാട് മേഖലയില്‍ നിന്ന് ഏറ്റെടുക്കാന്‍ ഏകപക്ഷീമായി ശ്രമിക്കുകയും ചെയ്യുന്നത് പ്രതിഷേധാര്‍ഹമാണ്. 43 വീടുകളുള്ള സ്ഥലത്ത് നെല്‍വയലുകളും തോടുകളും ഉള്‍പ്പെടുന്നുണ്ട്. ഭൂവുടമകളുമായി ഇതുവരെ അധികൃതര്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. സ്ഥലം സന്ദര്‍ശിക്കാന്‍ കലക്ടര്‍ തയ്യാറാവണമെന്നും ഭാരവാഹികള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ കര്‍മ്മസമിതി കണ്‍വീനര്‍ ഇ.കെ.മോഹന്‍, പി.സി.വിനോദ്, സി.കെ.ചന്ദ്രന്‍, പി.അനില്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















