കണ്ണൂര്‍: ഇന്ത്യയിലെ പട്ടികവിഭാഗങ്ങളുടെ സാമൂഹ്യപുരോഗതിക്കാധാരം ഡോ.അംബേദ്കറുടെ ദര്‍ശനങ്ങളാണെന്നും താല്‍ക്കാലിക ലാഭം ലക്ഷ്യമാക്കിയുള്ള ഏത് നീക്കവും ഈ സമൂഹത്തെ കൂടുതല്‍ അപകടപ്പെടുത്തുമെന്നും നാഷണല്‍ യൂത്ത് കൗണ്‍സില്‍ ദേശീയ ചെയര്‍മാന്‍ ഡോ.എ.സനില്‍ കുമാര്‍ അഭിപ്രായപ്പെട്ടു. സാധുജന പരിപാലന സംഘം കണ്ണൂര്‍ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച അംബേദ്കര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.അംബേദ്കറുടെ പോരാട്ടങ്ങളും അതിന്റെ രാഷ്‌ട്രീയവും സാമൂഹികവുമായ പ്രാധാന്യം വളരെ വൈകിയെങ്കിലും തിരിച്ചറിഞ്ഞതിന്റെ പ്രതിഫലനമാണ് വര്‍ത്തമാനകാല രാഷ്‌ട്രീയ നേതൃത്വം അദ്ദേഹത്തിന് നല്‍കുന്ന വലിയ പ്രാധാന്യമെന്നും സനില്‍ കുമാര്‍ ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ ഈ വിഭാഗം ജനത സാമൂഹ്യവും രാഷ്‌ട്രീയവുമായ യോജിപ്പിന് അവസരം കണ്ടെത്തി സ്വന്തം സ്വത്വം നിലനിര്‍ത്തുന്നതിന് വേണ്ടിയുള്ള പോരാട്ടം കൂടുതല്‍ ശക്തിപ്പെടുത്തണം. പരിപാടിയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് എ.വി.രാജ് അധ്യക്ഷത വഹിച്ചു. അഡ്വ.ഷമീം പക്‌സാന്‍, അരുണ്‍ ശൈലേന്ദ്ര, ഡോ.കുഞ്ഞഹമ്മദ്, എ.അശോകന്‍, ആര്‍.പി.ഷഫീഖ്, സി.സുമ, ടി.രേഷ്മ, വിനീത് പയ്യന്നൂര്‍, എം.വി.മനോഹരന്‍, സുരേഷ് ജഗതി, കെ.രാജേഷ്, പൈതലയന്‍ മധു, മുബഷീര്‍ എന്നിവര്‍ സംസാരിച്ചു.
















