കണ്ണൂര്‍: പഞ്ചായത്ത് ഓഫീസുകളില്‍ സ്ഥിരം ഡ്രൈവര്‍മാരെ നിയമിക്കണമെന്ന മുറവിളിക്ക് പരിഹാരമാകുന്നു. താത്കാലിക ഡ്രൈവര്‍മാര്‍ക്കു പകരം കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിവിധ ഗ്രാമപ്പഞ്ചായത്തുകളിലെ വാഹനങ്ങളില്‍ ഇനി സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍. പഞ്ചായത്തുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് തസ്തിക സൃഷ്ടിച്ചതിനെ തുടര്‍ന്നാണിത്. കണ്ണൂര്‍ ജില്ലയിലെ 21 പഞ്ചായത്തുകളില്‍ സര്‍ക്കാര്‍ ഡ്രൈവര്‍മാര്‍ പുതുതായി ജോലിയില്‍ പ്രവേശിക്കുമ്പോള്‍ കാസര്‍കോട് ജില്ലയില്‍ 13 ഡ്രൈവര്‍മാര്‍ നിയമിതരാവും. നിലവില്‍ എല്ലാ പഞ്ചായത്തുകളിലും ദിവസവേതനാടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാര്‍ ഉള്ളത്. 9190-15780 രൂപയായിരിക്കും ഇവരുടെ ശമ്പള സ്‌കെയില്‍. കണ്ണൂര്‍ ജില്ലയില്‍ 81 പഞ്ചായത്തുകളില്‍ 21 എണ്ണത്തിലാണ് തസ്തിക സൃഷ്ടിച്ചത്. രാമന്തളി, ഏഴോം, കല്യാശ്ശേരി, കുറുമാത്തൂര്‍, പരിയാരം, പയ്യാവൂര്‍, പടിയൂര്‍, പുഴാതി, എരഞ്ഞോളി, കുന്നോത്തുപറമ്പ്, അയ്യംകുന്ന്, കീഴല്ലൂര്‍, കൊട്ടിയൂര്‍, കോളയാട്, പേരാവൂര്‍, കുറ്റിയാട്ടൂര്‍, മാടായി, കരിവെള്ളൂര്‍, പെരളം, പായം, കതിരൂര്‍, തൃപ്രങ്ങോട്ടൂര്‍ എന്നിവയാണിവ. കാസര്‍കോട്ടെ 38 ഗ്രാമപ്പഞ്ചായത്തുകളില്‍ 13 എണ്ണത്തില്‍ സര്‍ക്കാര്‍ ഡ്രൈവര്‍മാരെ നിയോഗിക്കും. ബദിയഡുക്ക, ദേലംപാടി, കിനാനൂര്‍-കരിന്തളം, കാറഡുക്ക, കോടോം ബേളൂര്‍, കുറ്റിക്കോല്‍, മംഗല്‍പ്പാടി, മൊഗ്രാല്‍ പുത്തൂര്‍, പനത്തടി, പുല്ലൂര്‍-പെരിയ, ഉദുമ, വൊര്‍ക്കാടി, വെസ്റ്റ് എളേരി എന്നിവയാണിവ.
















