കേരള രാഷ്‌ട്രീയത്തിലെ ചോരക്കുഞ്ഞാണ് ശംഖുംമുഖത്ത് ശനിയാഴ്ച പിറന്ന ഭാരത് ധര്‍മ്മജനസേന (ബിഡിജെഎസ്). എല്ലാവര്‍ക്കും തുല്യനീതി എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്ന് പാര്‍ട്ടി രൂപീകരണം പ്രഖ്യാപിച്ച വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കിയിട്ടുണ്ട്. കൊടിയും കൊടിയടയാളവും മാത്രമാണ് ഇതുവരെ വ്യക്തമായിട്ടുള്ളത്. പാര്‍ട്ടിയെ നയിക്കുന്നതാരൊക്കെ എന്ന് നിശ്ചയിച്ചിട്ടില്ല. പാര്‍ട്ടിയുടെ നയവും പരിപാടിയും ഭരണഘടനയുമെല്ലാം വരാനിരിക്കുന്നതേയുള്ളു. അതെങ്ങനെയായിരിക്കുമെന്നതിന്റെ സൂചന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നല്‍കിയിട്ടുണ്ട്.
ജാതി-മത പരിഗണന കൂടാതെ എല്ലാവരും ഉള്‍ക്കൊള്ളുന്നതാകും സംഘടനാ സംവിധാനമെന്നും ആരോടും വിദ്വേഷമോ വിരോധമോ ഉണ്ടാകില്ലെന്നും അദ്ദേഹം ഇതിനോടകം പറഞ്ഞുകഴിഞ്ഞു. അതൊക്കെ പാടേ അവഗണിച്ചുകൊണ്ട് നിഷ്‌കരുണം ചില മാധ്യമങ്ങളും രണ്ടു മുന്നണികളെ നയിക്കുന്നവരും ഘടകകക്ഷികളും ആക്ഷേപശരങ്ങള്‍ വിടുകയാണ്. എല്ലാവിമര്‍ശനങ്ങളെയും നെഞ്ച് വിരിച്ച് നേരിടുകയാണ് വെള്ളാപ്പള്ളി നടേശന്‍. ഒരു കാര്യത്തില്‍ എല്ലാവരും യോജിക്കുന്ന അപൂര്‍വ്വ കാഴ്ചയാണ് കേരളത്തില്‍ ഇപ്പോള്‍ കണ്ടുവരുന്നത്. വെള്ളാപ്പള്ളി നടേശനെയും അദ്ദേഹം നയിച്ച സമത്വ മുന്നേറ്റ യാത്രയെയും അധിക്ഷേപിക്കുക എന്ന കാര്യത്തിലാണത്. എതിര്‍പ്പ് വിമര്‍ശനത്തില്‍ ഒതുങ്ങുന്നില്ല. വ്യക്തിഹത്യ നടത്തുന്നതിലേക്കത് വളര്‍ന്നിരിക്കുകയാണ്. സ്വാമി ശാശ്വതീകാനന്ദയുടെ സമാധി മാത്രമല്ല മൈക്രോ ഫൈനാന്‍സ് പദ്ധതിയും അതിനായി ഉപയോഗിക്കുന്നു.
കോഴിക്കോട്ട് അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയവരും രക്ഷിക്കാന്‍ ശ്രമിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദും മരണപ്പെട്ടത് ദുഃഖകരമായ സംഗതിയാണ്. പ്രത്യേകിച്ച് നൗഷാദിന്റെ ജീവഹാനി മലയാളിയുടെ മനുഷ്യത്വത്തെ തിരിച്ചു കൊണ്ടുവരാനുതകുന്ന സംഭവവുമാണ്. അതിനെ ആരും ചെറുതായി കാണാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ചപ്പോഴാണ് വിവാദമായത്. നൗഷാദിനെതിരായല്ല, സംസ്ഥാന സര്‍ക്കാരിന്റെ വിവേചനത്തെ വെള്ളാപ്പള്ളി നടേശന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അതാണ് കേരളം കണ്ട ഏറ്റവും വലിയ കുഴപ്പമെന്ന മട്ടില്‍ അവതരിപ്പിക്കാന്‍ മുതിര്‍ന്നു. കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസ്സും മുസ്ലിംലീഗും എന്നു വേണ്ട എല്ലാവരുടെയും ‘കമ്മ്യൂണലിസം’ തലയുയര്‍ത്തി.
വെള്ളാപ്പള്ളി നടേശന്‍ മതവിദ്വേഷം നടത്തി എന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ ആരോപണം മുഖവിലയ്‌ക്കെടുത്ത് കേസെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രസ്താവിച്ചു. അതനുസരിച്ച് ആലുവ പോലീസ് കേസെടുക്കുകയും ചെയ്തു. സമത്വമുന്നറ്റ യാത്രയെ നിരീക്ഷിക്കാന്‍ എല്ലാ സ്ഥലത്തും പോലീസുണ്ടായിരുന്നു. ആലുവയിലും അതുണ്ടായി. മതവിദ്വേഷ പ്രസംഗം വെള്ളാപ്പള്ളി നടേശന്‍ നടത്തിയെങ്കില്‍ അതിന്റെ പേരില്‍ കേസെടുക്കാന്‍ മൂന്നുദിവസം പിന്നിടേണ്ടതുണ്ടോ? ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം വേണോ? സ്ഥലത്തെ സബ് ഇന്‍സ്‌പെക്ടര്‍ക്ക് ബോധ്യപ്പെട്ടാല്‍ എടുക്കാവുന്ന കേസാണത്. പക്ഷെ അതുണ്ടായില്ല. പിന്നീട് കേസെടുത്തത് ഗൂഢാലോചനയുടെ ഭാഗമാണെന്ന കാര്യത്തില്‍ സംശയമില്ല.
വെള്ളാപ്പള്ളിക്കെതിരെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ ആഭ്യന്തരമന്ത്രിക്ക് കത്തയയ്‌ക്കുന്നു. ആഭ്യന്തര മന്ത്രി അത് ഡിജിപിക്ക് കൈമാറുന്നു. തുടര്‍ന്ന് ആലുവാ പോലീസ് കേസെടുക്കുന്നു. കേസെടുത്ത ഉടന്‍, യാത്രതീരും മുമ്പ് തന്നെ അറസ്റ്റ് ഉണ്ടാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രഖ്യാപിക്കുന്നു. മുന്‍കൂര്‍ ജാമ്യം തേടില്ലെന്നും അറസ്റ്റു ചെയ്താലും ജാമ്യത്തിലിറങ്ങില്ലെന്നും മറ്റൊരാള്‍ ജാഥ നയിക്കുമെന്നും വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കുകയുണ്ടായി. യാത്ര ശംഖുംമുഖത്ത് സമാപിച്ചു. പുതിയ രാഷ്‌ട്രീയ പാര്‍ട്ടിയെ പ്രഖ്യാപിക്കുകയും ചെയ്തു. ഏതായാലും അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. ഒരാളെ അറസ്റ്റുചെയ്താലും ജയിലിലടച്ചാലും തീരുന്നതല്ല ഉയര്‍ന്നുവന്നു കഴിഞ്ഞ വിവേചനത്തിനെതിരായ വികാരം.
ഭരണകൂടങ്ങളുടെ വകതിരിവില്ലാത്ത പെരുമാറ്റത്തെ ചൂണ്ടിക്കാണിക്കുന്നവരെ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് അമര്‍ച്ച ചെയ്യാമെന്നത് വ്യാമോഹം മാത്രമാണ്. നൗഷാദിന്റെ കാര്യം പറഞ്ഞത് കൊണ്ടുമാത്രമാണോ വെള്ളാപ്പള്ളിക്കെതിരെ ഉറഞ്ഞുതുള്ളല്‍? അല്ലെന്നാര്‍ക്കാണറിയാത്തത്. ഇവിടെ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്ന് ഒരു മതമേധാവി പരസ്യമായി പ്രഖ്യാപിച്ചു. കേസില്ല. പ്രതിഷേധമില്ല. പഞ്ചാബ് മോഡല്‍ എന്ന് പണ്ട് ബാലകൃഷ്ണപിള്ള പറഞ്ഞപ്പോള്‍ പുകിലുണ്ടാക്കിയവരൊന്നും ബിഷപ്പിന്റെ പ്രഖ്യാപനത്തെക്കുറിച്ച് മിണ്ടിയില്ല. വെള്ളാപ്പള്ളി യാത്ര കാസര്‍കോട്ടുനിന്ന് ആരംഭിക്കുമെന്നറിയിച്ചപ്പോള്‍ തുടങ്ങിയതാണ് ഈ ഗോഗ്വാ വിളികള്‍.
യാത്രനയിച്ച് ആറ്റിങ്ങലിലെത്തുമ്പോള്‍ എന്തു സംഭവിക്കുമെന്നും ശംഖുംമുഖത്തെത്തുമ്പോള്‍ സംഭവിക്കുന്നതെന്തെന്നും ഉത്തരവാദസ്ഥാനത്തിരിക്കുന്നവര്‍ നിരുത്തരവാദപരമായി പ്രസ്താവിക്കുകയുണ്ടായി. അതൊന്നും പൊതുസമൂഹം മുഖവിലയ്‌ക്കെടുത്തില്ലെന്ന് ശനിയാഴ്ചത്തെ സമ്മേളനം തെളിയിച്ചു. അതിനുശേഷവും, പ്രായത്തിനും സ്ഥാനത്തിനും ചേരാത്ത ശകാരങ്ങളാണ് ഓരോരുത്തരില്‍ നിന്നും പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസുമായി ചേര്‍ത്തുവച്ച് നുണ പ്രചാരണമാണ് കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരുമെല്ലാം നടത്തുന്നത്.
രണ്ടാഴ്ചയിലധികം കേരളത്തില്‍ പര്യടനം നടത്തിയ വെള്ളാപ്പള്ളിക്കൊപ്പം ഒരു വേദിയിലും ആര്‍എസ്എസിന്റെ ഒരു ഭാരവാഹിയും പങ്കെടുത്തിട്ടില്ല. ശംഖുംമുഖത്തെ പാര്‍ട്ടി പ്രഖ്യാപന വേളയിലും ആര്‍എസ്എസ് നേതൃത്വമില്ല. പിന്നെന്തിനാണാവോ ഈ ഉമ്മാക്കി? ജമാ അത്തെ ഇസ്ലാമി, എന്‍ഡിഎഫ്, പോപ്പുലര്‍ഫ്രണ്ട് തുടങ്ങിയ തീവ്രവാദ സംഘടനകളും ജയിലില്‍ കഴിയുന്ന മതഭീകരന്‍ മദനിയും ഇവിടെ പാര്‍ട്ടി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു. പ്രഥമ പരിഗണന മതത്തിനെന്ന് പരസ്യമായി പ്രഖ്യാപിച്ച മുസ്ലിംലീഗ് ഭരണമുന്നണിയിലുണ്ട്. അതിന്റെ ഒരു ചീള് ഇടതുപക്ഷത്തുമുണ്ട്. ഇതിനെക്കുറിച്ചൊന്നും ഇല്ലാത്ത എതിര്‍പ്പാണ് ബിഡിജെഎസിനു നേരെ വന്നത്. ഇതാണ് അസഹിഷ്ണുത. ഇവയെല്ലാം തള്ളിക്കളയാനുള്ള പക്വത സമൂഹത്തിനുണ്ടെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാതെ പോയവരോട് സഹതപിക്കുക മാത്രമേ ചെയ്യാനുള്ളു.
















