ഹരിബാബു
കുടയത്തൂര്‍: പുരാതനവും പ്രകൃതി രമണീയവുമായ കുടയത്തൂര്‍ വയനക്കാവ് ദേവീക്ഷേത്ര നടയില്‍ ആദ്യമായി കതിര്‍മണ്ഡപം ഒരുങ്ങുന്നു. ഭദ്രകാളി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തില്‍ താന്ത്രികവിധിപ്രകാരം വിവാഹകര്‍മ്മങ്ങള്‍ അനുവദിച്ചിരുന്നില്ല. ദേവീ ചൈതന്യത്തിനൊപ്പം ശിവപാര്‍വ്വതി സാന്നിധ്യവും ഇവിടെ ഉണ്ടെന്ന് പ്രശ്‌നത്തില്‍ തെളിഞ്ഞതോടെയാണ് പുതിയ ഒരു ശ്രീകോവില്‍ നിര്‍മ്മിച്ച് പ്രതിഷ്ഠനടത്തിയത്. പുതിയ താന്ത്രിക വിധിപ്രകാരം ക്ഷേത്രത്തില്‍ വിവാഹ കര്‍മ്മങ്ങള്‍ നടത്തുന്നതില്‍ തടസ്സമില്ലായെന്ന് തന്ത്രി അറിയിച്ചതിനെ തുടര്‍ന്നാണ് ഭക്തരുടെ ദീര്‍ഘനാളായിട്ടുള്ള ആഗ്രഹത്തിന് പൂര്‍ത്തീകരണമായത്. മലങ്കര ജലാശയത്തിന്റെ സമീപം വെള്ളത്താല്‍ ചുറ്റപ്പെട്ട് കുടയത്തൂര്‍ വിന്ധ്യന്റെ അടിവാരത്തില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രവും പരിസരങ്ങളും സിനിമാപ്രവര്‍ത്തകരുടെ ഇഷ്ട ലോക്കേഷന്‍ കൂടിയാണിത്. ഇന്ന് രാവിലെ 10.30 ന് കുടയത്തൂര്‍ വള്ളിപ്പനചാലില്‍ ശശീധരന്‍പിള്ള-ശ്രീദേവിനമ്പതികളുടെ മകള്‍ അശ്വതിയുടെ വിവാഹമാണ് ഈ ക്ഷേത്രത്തില്‍ നടക്കുന്നത്. മൂവാറ്റുപുഴ സ്വദേശിയാണ് വരന്‍. ക്ഷേത്രനടയില്‍ ആദ്യമായി നടക്കുന്ന വിവാഹ കര്‍മ്മങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുവാന്‍ അനേകം പേര്‍ ഇന്ന് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരും.
















