കണ്ണൂര്‍: ജില്ലയിലെ 17 സ്‌കൂളുകളില്‍ ശുചിമുറി നിര്‍മിക്കുന്നതിന് കൊച്ചിന്‍ ഷിപ് യാര്‍ഡിന്റെ 50 ലക്ഷം രൂപയുടെ ഫണ്ട്. പി.കെ.ശ്രീമതി എംപിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഷിപ് യാര്‍ഡിന്റെ സാമൂഹ്യസേവന ഫണ്ടില്‍ നിന്ന് ഇത്രയും തുക ജില്ലയ്‌ക്ക് അനുവദിച്ചത്. പദ്ധതി നടപ്പാക്കുന്നതു സംബന്ധിച്ച് എംപിയുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടറേറ്റില്‍ ആലോചനായോഗം ചേര്‍ന്നു.
കൊച്ചിന്‍ ഷിപ് യാര്‍ഡ് ജനറല്‍ മാനേജര്‍ എം.ഡി.വര്‍ഗീസ്, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയരക്ടര്‍ ഇ വസന്തന്‍, ബന്ധപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, ഹെഡ്മാസ്റ്റര്‍മാര്‍, എഇഒ മാര്‍, ഷിപ് യാര്‍ഡിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ആദ്യമായാണ് ഷിപ് യാര്‍ഡിന്റെ സാമൂഹ്യസേവനഫണ്ടില്‍ നിന്ന് കണ്ണൂര്‍ ജില്ലയിലെ ഒരു പദ്ധതിക്ക് തുക അനുവദിക്കുന്നതെന്ന് പി.കെ.ശ്രീമതി എംപി പറഞ്ഞു. ഡിഡിഇയുടെ അക്കൗണ്ടില്‍ ലഭ്യമാക്കുന്ന തുക പ്രാദേശികമായ ആവശ്യങ്ങള്‍ക്കനുസരിച്ച് അതാത് സ്‌കൂളുകളില്‍ പ്ലാന്‍ തയ്യാറാക്കുന്ന മുറയ്‌ക്ക് അനുവദിക്കും.
കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന തവിടിശ്ശേരി ഉള്‍പ്പെടെ ജില്ലയിലെ 8 ആര്‍എംഎസ്എ സ്‌കൂളുകളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാലിക്കടവ്, പാച്ചേനി, ചെറിയൂര്‍, കുറ്റ്യേരി, പെരിക്കേരി, രയരോം, തടിക്കടവ് എന്നിവയാണ് മറ്റു ആര്‍എംഎസ്എ സ്‌കൂളുകള്‍. ചിറക്കല്‍ രാജാസ്, കേളകം സെന്റ് തോമസ്, മൊറാഴ സെന്‍ട്രല്‍ എയുപി, വെള്ളൂന്നി പ്രൊവിഡന്‍സ് എല്‍പി, കേളകം മഞ്ഞളാംപുറം യുപി, കാര്‍ത്തികപുരം ജിഎച്ച്എസ്, മയ്യില്‍ ഐഎംഎന്‍എസ്, എടയന്നൂര്‍ ജിവിഎച്ച്എസ്എസ്, മാലൂര്‍ ജിഎച്ച്എസ്എസ് എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മറ്റ് സ്‌കൂളുകള്‍.
















