മാഹി: ജവഹര്‍ലാല്‍ നെഹ്‌റു ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നുവന്ന സംസ്ഥാനതല ശാസ്ത്രമേള സമാപിച്ചു. പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ യാനം, കൂരൈക്കാല്‍, പോണ്ടിച്ചേരി, മാഹി മേഖലകളിലെ ശാസ്ത്ര പ്രതിഭകള്‍ മാറ്റുരച്ച ശാസ്ത്ര മേളയില്‍ മാഹി മേഖല തിളക്കമാര്‍ന്ന വിജയം നേടി.
എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭഗങ്ങളിലെ പ്രധാന സമ്മാനങ്ങളെല്ലാം മാഹി മേഖലയിലെ കുട്ടികള്‍ നേടി. മേഖലയിലെ കസ്തൂര്‍ബാ ഗാന്ധി ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കുട്ടികളാണ് കൂടുതല്‍ നേട്ടമുണ്ടാക്കിയത്. മേഖലയിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളും സ്വകാര്യ വിദ്യാലയങ്ങളും സമ്മാനങ്ങള്‍ കരസ്ഥമാക്കി. മാഹി ഗവ.എല്‍പിസ്‌കൂളിലെ കുട്ടികളുടെ വിജയം ശ്രദ്ധേയമായിമാറി.
മൂന്നുദിവസം നീണ്ടുനിന്ന സംസ്ഥാന ശാസ്ത്രമേളയുടെ സമാപന സമ്മേളനം പോണ്ടിച്ചേരി വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ആര്‍.പാര്‍ത്ഥസാരഥി ഉദ്ഘാടനം ചെയ്തു. മാഹി റീജ്യണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ദിനേശ് മംഗലാട്ട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സിഇഒ ടി.സുരേന്ദ്രബാബു, കൃഷ്ണപ്രസാദ്, എം.ദാമേദരന്‍, എം.പുഷ്പവല്ലി എന്നിവര്‍ സംസാരിച്ചു.
















