പെരിങ്ങോം: ചെറുപുഴ-പയ്യന്നൂര്‍ റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ രൂപീകരിച്ച പ്രക്ഷോഭ സമിതി സമരങ്ങള്‍ക്ക് തുടക്കമിടുന്നു. ചെറുപുഴ, പെരിങ്ങോം, വയക്കര, കാങ്കോല്‍, ആലപ്പടമ്പ് പഞ്ചായത്തുകളില്‍ 7 ന് സമിതിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താലാചരിക്കും. 7 ന് രാവിലെ 9 മണിക്ക് പാടിയോട്ടുചാലില്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രകടനം നടക്കും. സമരത്തിന്റെ രണ്ടാംഘട്ടത്തില്‍ ചെറുപുഴയില്‍ നിന്ന് പയ്യന്നൂരിലേക്ക് നടത്തസമരം സംഘടിപ്പിക്കും. ഡിസംബര്‍ അവസാന വാരത്തില്‍ സെക്രട്ടേറിയറ്റിലേക്ക് ജനകീയ മാര്‍ച്ചും സത്യഗ്രഹവും നടക്കും. പാടിയോട്ടുചാലില്‍ ചേര്‍ന്ന ചെറുപുഴ-പയ്യന്നൂര്‍ റോഡ് പ്രക്ഷോഭ സമിതിയുടെ ജനകീയ കൂട്ടായ്‌മ ജില്ലാ പരിസ്ഥിതി സമിതി ഭാസ്‌കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.വി.കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇ.വി.നാരായണന്‍, എ.കെ.ആര്‍.യൂസഫ്, പെരിങ്ങോം ഹാരിസ്, സി.സുന്ദരന്‍, രൂപേഷ് തൈവളപ്പില്‍, കെ.ശ്രീധരന്‍, കെ.ലക്ഷ്മണന്‍, എം.ബാലകൃഷ്ണന്‍, ഷിനോയി മുട്ടത്തുപാറ എന്നിവര്‍ സംസാരിച്ചു.
















