ചിത്രത്തിലും പത്രത്തിലും നിറഞ്ഞുനില്‍ക്കുന്ന ആദിവാസിക്ഷേമ പദ്ധതികളുടെ കണ്ണഞ്ചിപ്പിക്കുന്ന കണക്കുകള്‍ക്ക്, പക്ഷേ അവരുടെ പാത്രത്തിലൊന്നും തന്നെ അവശേഷിപ്പിച്ചിരുന്നില്ല അഥവാ അവരുടെ ജീവിതപാത്രത്തില്‍ കാര്യമായി വല്ലതും നിറയ്‌ക്കാന്‍ നാളിതുവരെ നടത്തിയിട്ടുള്ള ആദിവാസി വികസനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നു തന്നെയാണ് മാലിന്യം ഭക്ഷിക്കുന്ന അഥവാ ഭക്ഷിക്കേണ്ടി വരുന്ന ആദിവാസികളുടെ ചിത്രം വ്യക്തമാക്കുന്നത്.
സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇതുവരെ ആദിവാസി സമൂഹത്തിന്റെ പുരോഗതിക്കും ക്ഷേമത്തിനുമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കിയ കോടിക്കണക്കിന് രൂപയുടെ വികസന പദ്ധതികള്‍ മിക്കതും ജലരേഖയായി ഭവിച്ചുവെന്നാണ് ഹൃദയഭേദകമായ ആ വാര്‍ത്ത തെളിയിക്കുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഓട്ടപാത്രത്തില്‍ വെള്ളം നിറച്ചതുപോലെ ആ ഫണ്ടുകള്‍ വനാശ്രിത മക്കള്‍ക്ക് പ്രയോജനപ്പെടാതെ ചിലരുടെ പോക്കറ്റുകളിലേക്ക് ചോര്‍ന്നുപോവുകയായിരുന്നു. ഉദ്യോഗസ്ഥ-രാഷ്‌ട്രീയ-മാഫിയ അച്ചുതണ്ടിന്റെ കീശയിലേക്ക് തന്നെയാണ് ആ പണം ചോര്‍ന്നുപോയതെന്ന് നിസ്സംശയം സംശയിക്കാം.
നിസ്സഹായന്റെ നിലവിളികള്‍ കടലെടുക്കുന്ന കാലമാണിത്. സംരക്ഷണമേകേണ്ട അധികാരി വര്‍ഗങ്ങള്‍ പോയിട്ട് ദൈവം പോലും രക്ഷയ്‌ക്ക് എത്തുന്നില്ലെന്നുള്ളതാണ് ഏറ്റവും ദയനീയമായ പരമാര്‍ത്ഥം.
മനോജ് കൃഷ്ണന്‍, പെരുമ്പാവൂര്‍
















