കട്ടപ്പന: അധികാരത്തിലേറി രണ്ടാഴ്ച തികയുന്നതിന് മുമ്പ് തന്നെ കട്ടപ്പന നഗരസഭ ചെയര്‍മാന്‍ സുഖ യാത്ര തുടങ്ങിയിരിക്കുകയാണ്. ചെയര്‍മാന്‍ ജോണികുളംപള്ളിയാണ് നഗരസഭയ്‌ക്ക് സ്വന്തമായി വാഹനമുള്ളപ്പോള്‍ ആഡംബര കാര്‍ വാടകയ്‌ക്കെടുത്ത് വിലസുന്നത്. കുളംപ്പള്ളി വാഴവര സ്വദേശിയുടെ ഇന്നോവകാറാണ് വാടകയ്‌ക്കെടുത്തിരിക്കുന്നത്. കീലോമീറ്ററിന് 9 രൂപ നിരക്കിലാണ് കാര്‍ റെന്റിനെടുത്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതിലും പതിന്‍മടങ്ങ് വാടകയാണ് കാറിന് നല്‍കുന്നത്. നിലവില്‍ ഒരു ജീപ്പ് നഗരസഭയ്‌ക്കുണ്ട്. ഇത് മുനിസിപ്പല്‍ സെക്രട്ടറിക്ക് നല്‍കിയാണ് പുതിയ കാര്‍ വാടകയ്‌ക്കെടുത്തത്. ഒരു വാഹനം മാത്രമുള്ള നഗരസഭകള്‍ക്ക് നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് പുതിയ വാഹനം വാങ്ങാം എന്ന നിര്‍ദേശം ഗവ. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഉണ്ടായിരുന്നു. എന്നാല്‍ പുതിയ വാഹനം വരാന്‍ കാലതാമസം പിടിക്കുമെന്നതിനാലാണ് വാടകയ്‌ക്ക് ആഡംബരകാര്‍ എടുത്തത്. ഇത് പുതുതായി രൂപീകരിച്ച നഗരസഭയ്‌ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യതയാകും. ചെയര്‍മാന്റെ നടപടിയില്‍ നാട്ടുകാര്‍ക്കിടിയില്‍ കടുത്ത അതൃപ്തിയുണ്ട്.
















