തൊടുപുഴ: നിയമം കാറ്റില്‍പ്പറത്തി തൊടുപുഴ ന്യൂമാന്‍ കോളേജിനുള്ളില്‍ നിര്‍മ്മിച്ച സെമിത്തേരിയില്‍ ശവസംസ്‌കാര ചടങ്ങ് നടത്താനുള്ള വിജ്ഞാനമാത പള്ളി അധികൃതരുടെ നീക്കം തൊടുപുഴ സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞു. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു ജില്ല ഭരണകൂടത്തിന്റേയും മുനിസിപ്പല്‍ സെക്രട്ടറിയുടേയും പോലീസിന്റെയും നിരോധന ഉത്തരവ് മറികടന്ന് വിവാദ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങ് നടത്താന്‍ ഉന്നത ഇടപെടലുകളോടെ നീക്കം നടന്നത്. സംസ്‌കാര ചടങ്ങ് പോലീസ് തടഞ്ഞതോടെ മുതലക്കോടം പള്ളിയിലെ സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിച്ചു. നിയമം ലംഘിച്ചവരെ തടഞ്ഞെങ്കിലും നിയമത്തെ വെല്ലുവിളിച്ചവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. പത്ത് മാസം മുന്‍പാണ് ന്യൂമാന്‍ കോളേജിനുള്ളില്‍ ജനവാസ കേന്ദ്രത്തില്‍ സെമിത്തേരി നിര്‍മ്മിക്കാന്‍ തുടങ്ങിയത്. അംഗീകാരമില്ലാതെ സെമിത്തേരി നിര്‍മ്മിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെടത്തുടര്‍ന്ന് ഹിന്ദുഐക്യവേദി ജില്ല ഭരണകൂടത്തിന് പരാതി നല്‍കി. പിന്നീട് ഹൈക്കോടതിയില്‍ പ്രശ്‌നം ഉന്നയിച്ചു. കോടതി നടപടികള്‍ നടന്ന് വരുന്നതിനിടെ മൂന്ന് മാസം മുന്‍പ് ഇതേ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങ് നടത്താന്‍ നീക്കം നടന്നു. അന്ന് പ്രത്യക്ഷ സമരവുമായി ഹിന്ദുഐക്യവേദി രംഗത്തുവന്നു. ഇതേത്തുടര്‍ന്ന് സംസ്‌കാര നീക്കം ഉപേക്ഷിച്ചു. ഇന്നലെ രാവിലെ മുതല്‍ മുതലക്കോടം ഇടവകയില്‍ മരിച്ച അംഗത്തിന്റെ ശവസംസ്‌കാര ചടങ്ങ് വിജ്ഞാനമാത പള്ളിയില്‍ നടത്തുമെന്ന് പള്ളി അധികൃതര്‍ പ്രചരിപ്പിച്ചു. ഇതേത്തുടര്‍ന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസും ഹിന്ദുഐക്യവേദി ജില്ല പ്രസിഡന്റ് എസ്. പത്മഭൂഷണും ജില്ല കളക്ടര്‍, പോലീസ് സൂപ്രണ്ട,് തൊടുപുഴ ഡിവൈ.എസ്.പി,തൊടുപുഴ മുനിസിപ്പല്‍ല്‍
സെക്രട്ടറി എന്നിവരെ വിവരം അറിയിച്ചു. അനുമതിയില്ലാത്തതിനാല്‍ കോളേജിനുള്ളിലെ വിവാദ സെമിത്തേരിയില്‍ സംസ്‌കാരം നടത്തരുതെന്ന് കാണിച്ച് നഗരസഭ സെക്രട്ടറി പള്ളി അധികൃതര്‍ക്ക് കത്ത് നല്‍കാന്‍ ശ്രമിച്ചെങ്കിലും കത്ത് വാങ്ങാന്‍ പള്ളിക്കാര്‍ തയ്യാറായില്ല. പിന്നീട് പള്ളിയുടെ മതിലില്‍ സംസ്‌കാര ചടങ്ങ് നിരോധിച്ചുകൊണ്ടുള്ള കത്ത് മുനിസിപ്പല്‍ സെക്രട്ടറി പതിപ്പിച്ചു. റവന്യൂ സംഘവും സംസ്‌കാരം നിരോധിച്ചത് സംബന്ധിച്ച അറിയിപ്പുമായി എത്തിയെങ്കിലും പള്ളിക്കാര്‍ കത്ത് വാങ്ങിയില്ല. വൈകിട്ടോടെ നിയമം വെല്ലുവിളിച്ച് വിവാദ സെമിത്തേരിയില്‍ സംസ്‌കാര ചടങ്ങ് നടത്താന്‍ നടത്തിയ ശ്രമം പോലീസ് തടയുകയായിയരുന്നു. നിയമം ലംഘിച്ച പള്ളിക്കാര്‍ക്കെതിരെ കേസെടുക്കണമെന്ന് ഹിന്ദുഐക്യവേദി ജില്ല പ്രസിഡന്റ് എസ്. പത്മഭൂഷണ്‍ ആവശ്യപ്പെട്ടു. നിയമം ലംഘിക്കാന്‍ ശ്രമം ഉണ്ടായപ്പോള്‍ അത് ഹിന്ദുഐക്യവേദി ചൂണ്ടിക്കാട്ടി. ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിനാലാണ് പ്രശ്‌നത്തില്‍ ഹിന്ദുഐക്യവേദിക്ക് ഇടപെടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.
















