തൊടുപുഴ: മലങ്കര എസ്റ്റേറ്റ് കയ്യേറാന്‍ ശ്രമം. നേതാജി സോഷ്യലിസ്റ്റ് ഫോറത്തിന്റെ നേതൃത്വത്തിലുള്ള ഇരുനൂറോളം പ്രവര്‍ത്തകരാണ് ഇന്നലെ രാവിലെ മുതല്‍ മലങ്കര എസ്റ്റേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ച് എസ്റ്റേറ്റ് കയ്യേറാന്‍ ശ്രമിച്ചത്. എസ്റ്റേറ്റ് കയ്യേറാന്‍ നീക്കം നടക്കുന്നതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കാഞ്ഞാര്‍, തൊടുപുഴ എന്നീ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തില്‍ അമ്പതോളം പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. രാവിലെ മുതല്‍ ബസിലും സ്വകാര്യ വാഹനങ്ങളിലുമായി കയ്യേറ്റക്കാര്‍ എത്തിക്കൊണ്ടിരുന്നു. എല്ലാംവരുടെയും വിവരങ്ങള്‍ പോലീസ് ശേഖരിച്ചു. കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ നിന്നുള്ള ജനങ്ങളാണ് എസ്റ്റേറ്റ് കയ്യേറാന്‍ എത്തിയത്. കയ്യേറ്റക്കാരെ പോലീസും എസ്റ്റേറ്റിലെ തൊഴിലാളികളും ചേര്‍ന്ന് പിന്തിരിപ്പിക്കുകയായിരുന്നു. ഉച്ചയോടെ കയ്യേറ്റക്കാര്‍ പിരിഞ്ഞ് പോയി. കയ്യേറ്റക്കാരെ സംഘടിപ്പിച്ചത് ദുരൂഹമാണ്. നേതാജി സോഷ്യലിസ്റ്റ് ഫോറത്തിന്റെ ഒരു ഉന്നത നേതാവിന് മലങ്കര എസ്റ്റേറ്റിന് സമീപം 30 ഏക്കര്‍ വസ്തുവുണ്ട്. തൊഴിലാളികളെക്കൊണ്ട് എസ്റ്റേറ്റ് കയ്യേറിപ്പിച്ച് പിന്നീട് ഇത് സ്വന്തമാക്കാനാണ് ശ്രമമെന്നാണ് ആക്ഷേപം ഉയരുന്നത്. കരിങ്കുന്നം പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത്. സംഭവത്തില്‍ പരാതിയില്ലാത്തതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് കരിങ്കുന്നം എസ്.ഐ അറിയിച്ചു. കയ്യേറ്റക്കാരെ രംഗത്തിറക്കിയവരെക്കുറിച്ച് അന്വേഷണം നടത്തും.
















