പയ്യന്നൂര്‍: കയ്യായി കായലിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ വിപുലമായ പദ്ധതികള്‍ തയ്യാറാക്കുന്നു. ജലസംരക്ഷണത്തിനും വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും ഭൂഗര്‍ഭ ജല പരിപോഷണത്തിനും കവ്വായി കായലിന്റെ പങ്ക് ഏറെ വലുതാണ്. കവ്വായി തണ്ണീര്‍ത്തടത്തിലെ ജൈവ വൈവിധ്യത്തിന് ആക്കം കൂട്ടുന്ന ഇടയിലക്കാട് നാഗവനം അപൂര്‍വ്വമായ അനേകം സസ്യ-ജന്തുജാലങ്ങളുടെ ആവാസസ്ഥലമാണ്. മത്സ്യസമ്പത്തിനാല്‍ സമ്പുഷ്ടമായ കായലുകളും കണ്ടല്‍ക്കാടുകളും വര്‍ഷംതോറും അനേകായിരം ദേശാടനപ്പക്ഷികളുടെ ആഗമനത്തിനുതകുന്ന സാഹചര്യമൊരുക്കുന്നു. ഈയൊരു സാഹചര്യത്തിലാണ് കവ്വായി കായലിനെ സംരക്ഷിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടുള്ളത്. ജലവിഭവ വികസന വിനിയോഗകേന്ദ്രം ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടു കൂടി നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ കവ്വായി കായലിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും സംരക്ഷണ മാര്‍ഗ്ഗങ്ങളെക്കുറിച്ചും വിപുലമായ കര്‍മ്മ പരിപാടികളാണ് തയ്യാറാക്കിയിട്ടുള്ളത്. ഈ പദ്ധതികള്‍ പ്രാബല്യത്തില്‍ വരുത്തുന്നതിനായി പരിസ്ഥിതി വകുപ്പിന്റെ സഹായത്തോടു കൂടി ജലവിഭവ വികസന വിനിയോഗ കേന്ദ്രം ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പ്രൊജക്ടാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി വിവിധ വകുപ്പുകളുടെയും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെയും പൊതുജനങ്ങളുടെയും അഭിപ്രായങ്ങള്‍ പരിഗണിക്കുന്നതിനായി നടത്തിയ ശില്‍പ്പശാലയില്‍ ഡോ.പി.എസ്.ഹരികുമാര്‍ പ്രൊജക്ട് അവതരിപ്പിച്ചു. സി.കൃഷ്ണന്‍ എംഎല്‍എ, പയ്യന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, ജി.ഡി.നായര്‍, കെ.വി.സുരേന്ദ്രന്‍, പി.രാഗിണി, ടി.കെ.സുബൈദ, എന്‍.സുകുമാരന്‍, എം.പവിത്രന്‍, എം.ടി.അബ്ദുള്‍ ജബ്ബാര്‍, എം.വി.ഗോവിന്ദന്‍, ടി.പി.പത്മനാഭന്‍, ശശിധരന്‍ പളളിക്കുടിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















